സിറ്റിസി സഭ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷം ജര്‍മനിയില്‍ ഫെബ്രുവരി 13ന്
Thursday, February 11, 2016 11:06 AM IST
എസന്‍(ജര്‍മനി): ഭാരതത്തിലെ ആദ്യത്തെ എതദ്ദേശിയ സന്യാസിനി സമൂഹമായ തെരേസ്യന്‍ കര്‍മലീത്ത സഭയുടെ (സിറ്റിസി) ശതോത്തര സുവര്‍ണ ജൂബിലി ജര്‍മനിയിലെ എസനില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഫെബ്രുവരി 13നു (ശനി) രാവിലെ 10.30 ന് എസന്‍, ഡില്‍ഡോര്‍ഫിലെ സെന്റ് മരിയ ബെര്‍ത്ത് ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാവും. എസന്‍ രൂപത സഹായമെത്രാന്‍ ലുഡ്ഗര്‍ ഷേപ്പേഴ്സ്, പാഡര്‍ബോണ്‍ അതിരൂപത സഹായമെത്രാന്‍ മത്യാസ് ക്വേണിംഗ് എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു എസന്‍, സെന്റ് ജോസഫ് പാരീഷ് ഹാളില്‍ (ഗൌുളലൃറൃലവ, ടരവംലൃാമിി ടൃ. 18 യ) വിരുന്നു സല്‍ക്കാരവും സൌഹൃദ സമ്മേളനവും നടക്കും.

വരാപ്പുഴ വികാരിയാത്തില്‍ കൂനമ്മാവിലെ പനമ്പുമഠത്തില്‍ ആരംഭിച്ച സിറ്റിസി, ഭാരതത്തിലെ ആദ്യത്തെ എതദ്ദേശിയ സന്യാസിനിസമൂഹമായി 1866 ഫെബ്രുവരി 13ന് (ദൈവദാസി) മദര്‍ ഏലീശ്വയാണു സ്ഥാപിച്ചത്. സ്ത്രീകള്‍ക്കായുള്ള കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപന ഡിക്രിയില്‍ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്ത ഒപ്പുവച്ചതോടെ സമൂഹം നിലവില്‍ വന്നു.

ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ഇടവകയിലെ വൈപ്പിശേരി തറവാട്ടില്‍ തൊമ്മന്‍ - താണ്ട ദമ്പതികളുടെ എട്ടുമക്കളില്‍ ആദ്യസന്താനമായി 1831 ഒക്ടോബര്‍ 15 നാണ് ഏലീശ്വ ജനിച്ചത്. 20-ാമത്തെ വയസില്‍ വിധവയായ ഏലീശ്വ കൂനമ്മാവിലെ കളപ്പുരയില്‍ പരിത്യാഗത്തിലും ധ്യാനത്തിലും മുഴുകി ജീവിച്ചു.

ഇടപ്പള്ളി ടോള്‍ സെന്റ് ജോസഫ്സ് വിദ്യാഭവന്‍ (ജനറലേറ്റ്) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസി സമൂഹം ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴു പ്രൊവിന്‍സുകളിലായി 182 ഭവനങ്ങളും 1472 ല്‍ എറെ സഹോദരിമാരും സഭയില്‍ സേവനം അനുഷ്ഠിക്കുന്നു. മദര്‍ ലൈസയാണ് ഇപ്പോഴത്തെ മദര്‍ ജനറല്‍.

നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ക്രിസ്തുനാഥന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ഇന്ത്യയെ കൂടാതെ യൂറോപ്പ് (ഇറ്റലി, ജര്‍മനി) ആഫിക്ക (റുവാണ്ട, സുഡാന്‍), അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ സിറ്റിസി സഭയുടെ സേവനം വ്യാപകമായി.

1974 ല്‍ ജര്‍മനിയില്‍ എത്തിയ സഹോദരിമാര്‍ കൊളോണ്‍, പാഡര്‍ബോണ്‍ എന്നീ അതിരൂപതകളിലും എസന്‍, മ്യുന്‍സ്റര്‍ എന്നീ രൂപതകളിലും സേവനം ചെയ്യുന്നു. അടിക്കടി കുറഞ്ഞു കൊണ്ടിരിക്കുന്ന വിശ്വാസ ജീവിതത്തിനു വെള്ളിവെളിച്ചം എന്നതുപോലെ 36 സഹോദരിമാര്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ജര്‍മനിയില്‍ ക്രിസ്തു സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്നു. പ്രധാനമായും ആതുരസേവനം, വൃദ്ധശൂശ്രൂഷ, സങ്കീര്‍ത്തി ജോലി, പരിശുദ്ധ കുര്‍ബാന നല്‍കല്‍, ഭവന സന്ദര്‍ശനം, വിധവകളുടെ കൂട്ടായ്മകളില്‍ പങ്കുചേരല്‍, കുട്ടികളുടെ ആത്മീയ ആരോഗ്യ സംരക്ഷണചുമതല, രോഗികളും ഏകാന്തത അനുഭവിക്കുന്നവരെ നയിക്കുക എന്നീ തലങ്ങളിലെ പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ രോഗികള്‍ക്ക് ആരോഗ്യമായും പീഡിതര്‍ക്ക് ആശ്വാസമായും നഷ്ടങ്ങളില്‍ നേട്ടങ്ങളായും ക്രിസ്തുവിന്റെ പരിപാലനയ്ക്ക് സാക്ഷ്യം വഹിച്ചുവരുന്നു. കൂടാതെ വിദ്യാഭ്യാസം, ആതുരസേവനം, സമൂഹത്തിലെ അവഗണിക്കപ്പെട്ട കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടിയുള്ള സേവനങ്ങള്‍, തടവറ പ്രേഷിതത്വം, കുടുംബപ്രേഷിതത്വം,തീര്‍ഥാടന കേന്ദ്രങ്ങളില്‍ ആത്മീയ സഹായം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, വിശ്വാസപരിശീലനം തുടങ്ങി വിവിധ മേഖലകളില്‍ സിറ്റിസി സഹോദരിമാര്‍ ശുശ്രൂഷ ചെയ്യുന്നു.

സഭയുടെ 150 വര്‍ഷത്തിന്റെ സുവര്‍ണ നിറവില്‍ ദൈവിക പുണ്യങ്ങളായ വിശ്വാസസ്ഥിരതയും പ്രത്യാശയുടെ ഉറപ്പും സ്നേഹത്തിന്റെ കരുത്തും പകര്‍ന്നേകി, വഴി നടത്തിയ ദൈവസ്നേഹത്തിന്റെ സമൃദ്ധിയുടെ മുമ്പില്‍ കൃതജ്ഞതയോടെ കൂപ്പുകൈകളോടെ പ്രണമിക്കുകയാണ് സിറ്റിസി സഹോദരിമാര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍