ഇസ്ലാമിക് സ്റേറ്റ് കമാന്‍ഡര്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായി കഴിയുന്നതായി റിപ്പോര്‍ട്ട്
Thursday, February 11, 2016 11:06 AM IST
ബെര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റിന്റെ പ്രമുഖ നേതാവ് ജര്‍മനിയില്‍ അഭയാര്‍ഥിയായി കഴിയുന്നു എന്നു കണ്ടെത്തല്‍. ഒരു ടിവി ചാനല്‍ ഇയാളുമായുള്ള അഭിമുഖവും സംപ്രേഷണം ചെയ്തു.

സാങ്ക്റ്റ് ജോഹാന്‍ എന്ന, മുന്തിരിത്തോപ്പുകള്‍ നിറഞ്ഞ, എണ്ണൂറു പേര്‍ മാത്രം അധിവസിക്കുന്ന ഗ്രാമത്തിലാണ് ഐഎസ് കമാന്‍ഡര്‍ ഒളിച്ചു കഴിഞ്ഞിരുന്നത്. ഇയാളെയും മറ്റൊരു തീവ്രവാദിയെയും അന്വേഷിച്ച് കഴിഞ്ഞ ദിവസം പോലീസ് ഇവിടം റെയ്ഡ് ചെയ്തിരുന്നു.

ഇരുവരും സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്തിരുന്നവരാണെന്നു കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഗ്രാമത്തിലെ രണ്ടു വീടുകള്‍ അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിലൊന്നിലാണ് ഐഎസ് കമാന്‍ഡര്‍ താമസിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍