സിനിമ സര്‍ക്കിള്‍: സിനിമാ പ്രദര്‍ശനം ഫെബ്രുവരി 13ന്
Thursday, February 11, 2016 7:57 AM IST
കുവൈത്ത്: സമാന്തര സിനിമാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് നല്ല സിനിമകള്‍ ഒന്നിച്ചു കാണുവാനും വിലയിരുത്തുവാനും ഒരു തുടര്‍വേദി എന്ന ആശയത്തിന്റെ ഭാഗമായി കുവൈത്തിലെ സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒന്നിച്ചുകൊണ്ട് സിനിമ സര്‍ക്കിള്‍ എന്ന സംവിധാനത്തിനു രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി ആദ്യ പ്രദര്‍ശനം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ശവം' എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു.

കാഴ്ച്ച ഫിലിം ഫോറത്തിന്റെ ആശയമായ സിനിമാ വണ്ടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് ഈ സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.

അബാസിയയിലെ ഫോക് ഹാളില്‍ ഫെബ്രുവരി 13 നു (ശനി) വൈകുന്നേരം ഏഴിനാണ് പ്രദര്‍ശനം. കേരളത്തില്‍ തിരിച്ചുവരുന്ന സമാന്തര സിനിമാപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും ഒപ്പം നല്ല കലാസൃഷ്ടികള്‍ക്കൊപ്പം നിന്ന് ഒരു പുതിയ ദൃശ്യസംസ്കാരത്തിനു തുടക്കമിടുവാനുമാണ് ശ്രമിക്കുന്നതെന്നു സിനിമ സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍