ജര്‍മനിയിലെ മോശം കാലാവസ്ഥയിലും കാര്‍ണിവല്‍ അരങ്ങേറി
Tuesday, February 9, 2016 10:06 AM IST
കൊളോണ്‍: പുതുവര്‍ഷത്തലേന്ന് കൊളോണില്‍ ലൈംഗിക അതിക്രമം നടത്തിയവര്‍ വരെ കൊളോണ്‍ കാര്‍ണിവല്‍ പരേഡില്‍ വിഷയങ്ങളായി. ചാന്‍സലര്‍ ആംഗല മെര്‍ക്കലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപും മുതല്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ വരെ ദൃശ്യവത്കരിക്കപ്പെട്ടു.

കുടിയേറ്റവും അഭയാര്‍ഥിപ്രവാഹവുമൊക്കെ കാര്‍ണവലില്‍ മുഖ്യ വിഷയങ്ങളായി തെളിഞ്ഞു നില്‍ക്കുന്നതായിരുന്നു കൊളോണിലെ കാഴ്ച. ഞായറാഴ്ചത്തേയും തിങ്കളാഴ്ചത്തെയും കാര്‍ണിവല്‍ പരേഡ് ആയിരുന്നു ഇതിന് ഉത്തമ ഉദാഹരണം. പരേഡില്‍ ഫ്ളോട്ടുകളും ആള്‍ക്കാരും കുറവായിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം വരെ നീളുമായിരുന്ന പരേഡ് ഉച്ചയാടെ അവസാനിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ആഘോഷം നടന്നത്.

പതിവുള്ള കോമാളിവേഷങ്ങളും മാലാഖ വേഷങ്ങളുമെല്ലാം ഇക്കുറിയും ഉണ്ടായിരുന്നു. 10 ലക്ഷത്തോളം പേരാണു പരേഡ് കാണാന്‍ എത്താറുള്ളത്. ഇക്കുറി സുരക്ഷാ ഭീതി കാരണം പകുതിയായി കുറഞ്ഞു.

കാര്‍ണിവലിനും പരേഡിനുമിടെ 22 ലൈംഗിക അതിക്രമ കേസുകള്‍ പിടികൂടിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, നാസി ടൈഗര്‍ ടാങ്കിന്റെ മാതൃകയില്‍ ഒരു അഭയാര്‍ഥി വിരുദ്ധ ടാങ്ക് കാര്‍ണിവല്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് വിവദമായി. ഇതെക്കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടു.

എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം, കാര്‍ണിവല്‍ സീസണിലെ പരമ്പരാഗത റോസന്‍മൊണ്ടാഗ് പരേഡുകള്‍ റദ്ദാക്കാന്‍ പല നഗരങ്ങളും നിര്‍ബന്ധിതരായി. മൈന്‍സ് ഡ്യൂസല്‍ഡോര്‍ഫ് എന്നീ നഗരങ്ങളിലാണ് ആഘോഷം റദ്ദാക്കിയത്. കനത്ത മഴയും കൊടുങ്കാറ്റും പ്രവചിച്ചിരുന്നെങ്കിലും പറഞ്ഞതുപോലെ ഉണ്ടായില്ല. കൊളോണില്‍ മഴയും കാറ്റും ഉണ്ടായെങ്കിലും ഇതൊന്നും കാര്‍ണിവര്‍ പ്രേമികളെ നിരുത്സഹാപ്പെടുത്തിയില്ല. മഴ നനഞ്ഞും ആഘോഷം പൊടിപൂരമാക്കി.

ജര്‍മന്‍ സംസ്കാരത്തിന്റെതന്നെ ഭാഗമാണ് കാര്‍ണിവലുകളും അതോടനുബന്ധിച്ചു നടത്തുന്ന പരേഡുകളും. ഓരോ കാര്‍ണിവലും തുടക്കക്കാര്‍ക്ക് പാഠങ്ങളുമാണ്. അങ്ങനെയൊരു പ്രധാന പാഠമാണ്, കാര്‍ണിവലിനു വേഷം കെട്ടാതെ പോയാല്‍ ഒറ്റപ്പെടുമെന്നുള്ളത്. വരുന്നവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും തരത്തില്‍ വിചിത്രവേഷധാരികളായിരിക്കും.

കാര്‍ണിവലിനു ഒഴിച്ചുകൂടാന്‍ കഴിയാത്തതാണു ശുദ്ധമായ ജര്‍മന്‍ ബിയര്‍. എന്നാല്‍, കൊളോണ്‍ കാര്‍ണിവലില്‍ ഉപയോഗിക്കുന്നതു പരമ്പരാഗത ബിയര്‍ മഗുകളല്ല, മറിച്ച് 200 മില്ലീലിറ്റര്‍ മാത്രമുള്ള ചെറിയ ഗ്ളാസുകളാണ്.

ഇവിടെ കേള്‍ക്കുന്ന പാട്ടുകള്‍ വരുന്ന എല്ലാവര്‍ക്കും മനസിലാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ, ഒന്നുറപ്പാണ്, അവ ഓരോ സന്ദര്‍ശകന്റെയും സിരകളില്‍ ആവേശതാളം നിറയ്ക്കും. അതു ശരീരത്തിലേക്ക് ആവാഹിക്കപ്പെടുകയും ചെയ്യും.

രാഷ്ട്രീയമായ ശരികള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ലോകോത്തര നേതാക്കള്‍ പോലും ഹാസ്യ രൂപത്തില്‍ ദൃശ്യവത്കരിക്കപ്പെടും. എന്നാല്‍ ഇക്കുറി പുതിയൊരു പരിഷ്കാരമുണ്ട്. വിദേശികള്‍ക്കു ചില ബാറുകളില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

കാര്‍ണിവലിനിടെ വെള്ളത്തില്‍ വീണയാളെ പാകിസ്ഥാനി അഭയാര്‍ഥി രക്ഷിച്ചു

കാര്‍ണിവലില്‍ ഇക്കുറി അഭയാര്‍ഥികളെ എല്ലാവരും സംശയത്തോടെയാണ് കണ്ടിരുന്നത്. പല ബാറുകളിലും അവര്‍ക്ക് വിലക്കുവരെ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, പുതുവര്‍ഷത്തലേന്ന് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയവരെപ്പോലെയല്ല എല്ലാ അഭയാര്‍ഥികളും എന്നു തെളിയിച്ചിരിക്കുകയാണ് ഒരു പാക്കിസ്ഥാനി.

അബദ്ധത്തില്‍ റൈന്‍ നദിയില്‍ വീണുപോയ ഒരാളെ പാക് യുവാവ് സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചു. മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തിലേക്ക് എടുത്തുചാടിയാണ് ഇരുപത്തൊന്നുകാരനായ പാക് പൌരന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഭയാര്‍ഥി ക്യാമ്പിലെ താമസക്കാരനാണ് ഇയാള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍