സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു പ്രവാസി ബോധവത്കരണ പരിപാടി ശ്രദ്ധേയമായി
Monday, February 8, 2016 10:10 AM IST
ദമാം: പ്രവാസികളില്‍ സാമ്പത്തിക അച്ചടക്കവും സമ്പാദ്യ ശീലവും പ്രോത്സാഹിപ്പിക്കുക, തൊഴില്‍ സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി വൈവിധ്യം കൊണ്ടും വന്‍ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടി.

വീട് താമസിക്കാനുള്ളതാണെന്നും വാഹനം സഞ്ചരിക്കാനുള്ളതാണെന്നുമുള്ള തിരിച്ചറിവിലേക്ക് പ്രവാസികള്‍ മടങ്ങണമെന്നും മറ്റുള്ളവരെ കാണിക്കാനുള്ള ജീവിതമല്ല നയിക്കേണ്ടതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സലാം പറഞ്ഞു.

മാധ്യമ പ്രവാസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് രാജു നായിഡു അധ്യക്ഷത വഹിച്ചു.

ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കി നമുക്കും വരും തലമുറയ്ക്കും വേണ്ടി ജീവിക്കുവാനും വീട് നിര്‍മാണം മുതല്‍ ആഘോഷ പരിപാടികള്‍ വരെയുള്ള കാര്യങ്ങള്‍ക്ക് സമ്പത്ത് ചെലവഴിക്കുന്നതില്‍ അടിയന്തിര പുനപരിശോധന നടത്താനും വിഷയാവതാരകാനും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ് ചെയര്‍മാനുമായ കെ.വി ശംസുദീന്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.

കിട്ടിയതൊക്കെയും ചെലവഴിക്കുക എന്ന ശീലത്തില്‍നിന്ന്, കിട്ടിയതില്‍ നിശ്ചിത പങ്ക് സാമ്പാദ്യം കഴിഞ്ഞുള്ളതു ചെലവഴിക്കുക എന്ന ശീലത്തിലേക്കു വളരണം. ഒരു തിരിച്ചുപോക്കിനുള്ള ആസൂത്രണമില്ലാതെ ജീവിക്കുന്നതാണു പ്രവാസികള്‍ നേരിടുന്ന പല സാമ്പത്തിക പ്രതിസന്ധികള്‍ക്കും കാരണമെന്ന് ഉദാഹരണസഹിതം അദ്ദേഹം വ്യക്തമാക്കി. പ്രവാസാനന്തരം നാട്ടിലെ ജീവിതം സുരക്ഷിതമാക്കാന്‍ ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങണമെന്നും അദ്ദേഹം ഉണര്‍ത്തി. ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.

സാംസ്കാരിക പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ സംസാരിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രത്യക വിനോദവിജ്ഞാന പരിപാടികള്‍ക്ക് ടി.കെ. റിയാസ്, ഉബൈദ്, ഹിഷാം, കലാം കായംകുളം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ബിജു പൂതക്കുളം, സലാം ജാംജും ജസീര്‍ മട്ടന്നൂര്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.

ജംഷാദ് കണ്ണൂര്‍, സാജു പടിയത്ത്, സിദ്ധീഖ് ആലുവ, നാസര്‍ പള്ളത്ത്, ഷെരീഫ് കൊച്ചിന്‍ ,അമീര്‍ പൊന്നാനി, സി.പി. നാസര്‍ കണ്ണൂര്‍, ഷാനവാസ് പന്തളം , മൊയ്തീന്‍, അഡ്വ. സനീജ സഗീര്‍, സുനില സലിം, ഫാനിഷ ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം