കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദമ്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു
Monday, February 8, 2016 10:08 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി പുതുവര്‍ഷ ദിവ്യബലിയോടനുബന്ധിച്ച് 2015 ല്‍ വിവാഹിതരായ നവദമ്പതികളെയും കുടുംബജീവിതത്തിന്റെ ജൂബിലി നിറവിലെത്തിയ ദമ്പതികളെയും അനുമോദിച്ചു.

ജനുവരി 17ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ജിം ജോര്‍ജ്, ജോയല്‍, ജെന്‍സ് കുമ്പിളുവേലില്‍, നോയല്‍ കോയിക്കേരില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമധ്യേ നവദമ്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിനു സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.

തുടര്‍ന്നു നവദമ്പതികളെയും വിവാഹ ജീവിതത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന മേഴ്സി, ജോളി തടത്തില്‍, മറിയാമ, വര്‍ഗീസ് ചന്ദ്രത്തില്‍, ഏലിക്കുട്ടി, ആന്റണി മുട്ടത്തോട്ടില്‍, ത്രേസ്യാക്കുട്ടി, ജോസുകുട്ടി കളത്തില്‍റമ്പില്‍, മേരി, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, ഈത്തമ്മ, ജോസഫ് കളപ്പുരയ്ക്കല്‍, ഈത്തമ്മ, ജോയി വെട്ടിക്കല്‍ എന്നിവരെ അനുമോദിച്ച് ഫാ. ഇഗ്നേഷ്യസ് റോസാപുഷ്പം നല്‍കി ആദരിച്ചു.

നവദമ്പതികള്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. കാപ്പി സല്‍ക്കാരവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നേതൃത്വം നല്‍കി.

ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ അംഗങ്ങളായുള്ള കമ്യൂണിറ്റിയില്‍ ചാപ്ളെയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സേവനം ചെയ്തുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍