സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുന്നത് ഫ്രാന്‍സ് നിരോധിച്ചു
Sunday, February 7, 2016 11:23 AM IST
പാരീസ്: സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ ഉപേക്ഷിക്കുന്നത് ഫ്രാന്‍സ് നിയമം മൂലം നിരോധിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്.

ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുന്നതിനു പകരം സന്നദ്ധസംഘടനകള്‍ക്കു ദാനം ചെയ്യുകയും അതുവഴി അഗതികള്‍ക്ക് ഇത് എത്തിച്ചു കൊടുക്കുകയും ചെയ്യണമെന്നാണു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

മേലില്‍ സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം ഇത്തരത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ സന്നദ്ധ സംഘടനകള്‍ക്കു ദാനം ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പിടാനും നിര്‍ബന്ധിതരാകും.

ഫുഡ് ബാങ്കുകള്‍ വ്യാപകമാക്കി, അവ വഴിയും ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ പദ്ധതി തയാറാണ്. നിയമം ലംഘിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ക്ക് കനത്ത പിഴയും തടവു ശിക്ഷയും വരെ നല്‍കാനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍