'മത ദേശ വിഭാഗീയ ചിന്തകള്‍ കൂടാതെ നീതിയോടൊപ്പം നില്‍ക്കുക'
Sunday, February 7, 2016 11:22 AM IST
റിയാദ്: മനുഷ്യനെ മൃഗീയമായി തല്ലികൊല്ലുംവിധം മരവിക്കുന്ന മനഃസാക്ഷി ചോദ്യചിഹ്നമാവുകയും ഭാഷ, ദേശ മത ചിന്തകള്‍ ഏതു ക്രൂരതകള്‍ക്കും പ്രേരകമാവുകയും മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള ജീവത്യാഗം പോലും വിഭാഗീയമായി വിലയിരുത്തുകയും ചെയ്യുന്ന ലോകത്തിനു ഖുര്‍ആന്‍ നല്‍കുന്ന മാനവികതയുടെ സന്ദേശം വളരെ വലുതാണെന്നും ജാതി മത വിഭാഗീയ ചിന്തകള്‍ കൂടാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതെന്നും എസ്കെഐസി റിയാദ് ഖുര്‍ആന്‍ പഠന കാമ്പയിന്‍ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. 

ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണിയെന്ന പ്രമേയവുമായി നടന്ന എസ്കെഐസി റിയാദ് സംഗമം സൌദി നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. എം.ടി.പി. മുനീര്‍ അസ്അദി അധ്യക്ഷത വഹിച്ചു. ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഫതഹുറഹ്മാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍' എന്ന മലയാള ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പ്രകാശനം ഫസല്‍ റഹ്മാനു നല്‍കി എന്‍.സി. മുഹമ്മദ് കണ്ണൂര്‍ നിര്‍വഹിച്ചു.

കാമ്പയിന്‍ പ്രമേയ പ്രഭാഷണം എസ്കെഐസി റിയാദ് ചെയര്‍മാന്‍ മുസ്തഫ ബാഖവി പെരുമുഖം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ സൈദ് കോയ (രാമനാട്ടുകര മുസ്ലിം ജമാഅത്ത്), എം.സി. അബ്ദുള്ള (പെരുമ്പട്ട മുസ്ലിം ജമാഅത്ത്), മാള മുഹിയുദ്ദീന്‍ (മാള ദാറുറഹ്മ), മുഹമ്മദുകട്ടി (വയനാട് മുട്ടില്‍ യതീംഖാന), അലി വയനാട് (സൈന്‍ റിയാദ് ചാച്റ്റര്‍), മുഹമ്മദ് ശരീഫ് തോടാര്‍ (മംഗലാപുരം ദാറുന്നൂര്‍ എഡ്യൂക്കേഷണല്‍ സെന്റര്‍), മുഹമ്മദ് മാസ്റര്‍ (വളക്കൈ മുസ്ലിം ജമാഅത്ത്), ഹബീബുള്ള പട്ടാമ്പി, അബ്ദുറസാഖ് വളക്കൈ തുടങ്ങിയവര്‍ സംസാരിച്ചു. 

അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ഹാജി ബ്ളാത്തൂര്‍, ശാഫി ദാരിമി പാങ്ങ്, മുഹമ്മദാലി ഹാജി, മുസ്തഫ ചീക്കോട്, ഇഖ്ബാല്‍ കാവനൂര്‍ മൊയ്തീന്‍ കോയ പെരുമുഖം, ശരീഫ് കൈപ്പുറം, ഉമ്മര്‍ കോയ യൂനിവേഴ്സിറ്റി, അബ്ദുള്ള ഫൈസി കണ്ണൂര്‍, കുഞ്ഞിപ്പ തവനൂര്‍, സലാം ഇരിക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍