വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷിച്ചു
Sunday, February 7, 2016 8:54 AM IST
ദുബായി: ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ദുബായി സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷിച്ചു.

പള്ളിയോട് ചേര്‍ന്നുള്ള ഗേള്‍സ് ഹൈസ്കൂള്‍ അങ്കണത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ അബുദാബി കത്തോലിക്ക പള്ളിയിലെ മലയാളി സമൂഹത്തിന്റെ ആധ്യാത്മികഗുരു ഫാ. ബേബിച്ചന്‍ എര്‍ത്തയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദുബായി സെന്റ് മേരീസ് പള്ളി വികാരി ഫാ. ലെനീ കോന്നൂളി, ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. വര്‍ഗീസ് ചെമ്പോളി, ദുബായി പള്ളിയിലെ മലയാളി സമൂഹം ആധ്യാത്മികഗുരു ഫാ. അലക്സ് വാച്ചാപറമ്പില്‍, തമിഴ് സമൂഹം ആധ്യാത്മികഗുരു ഫാ. ഡേവിഡ് ഡൊമിനിക് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു ലദീഞ്ഞ്, പ്രദക്ഷിണം, അമ്പ് വണക്കം എന്നിവയും നടന്നു.

പരമ്പരാഗത രീതിയില്‍ വാദ്യമേളങ്ങളോടെ നടന്ന പ്രദക്ഷിണത്തില്‍ വര്‍ണക്കുടകളും കൊടികളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ അണിനിരന്നു. തുടര്‍ന്നു നേര്‍ച്ചഭക്ഷണം വിതരണം ചെയ്തു. തിരുനാളിനോടനുബന്ധിച്ച് ശിങ്കാരിമേളവും നടന്നു. ഏഴായിരത്തോളം വിശ്വാസികള്‍ തിരുനാളില്‍ സംബന്ധിച്ചു.