'പുനരധിവാസം പ്രഖ്യാപനങ്ങളിലൊതുങ്ങാതെ ഫലപ്രദമായി നടപ്പാക്കണം'
Sunday, February 7, 2016 8:53 AM IST
റിയാദ്: പ്രവാസികളുടെ ആകുലതയും ആശങ്കകളും വിശകലനം ചെയ്ത ചാറ്റ് വിത് എംപി പരിപാടി ശ്രദ്ധേയമായി. ആലപ്പുഴ കൂട്ടായ്മ (ഇവ) ഈസ്റ് വെനീസ് അസോസിയേഷനാണ് പാര്‍ലമെന്റ് അംഗം കെ.സി. വേണുഗോപാലുമായി സംവദിക്കാന്‍ പ്രവാസി സമൂഹത്തിന് അവസരം ഒരുക്കിയത്.

പ്രവാസി പുനരധിവാസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ ഫലപ്രദമായി നടപ്പിലാക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ എംപിയോട് ആവശ്യപ്പെട്ടു. സീസണ്‍ സമയത്ത് അമിത വിമാന നിരക്ക് കുറയ്ക്കാന്‍ കഴിയുന്നില്ല. പ്രവാസം മതിയാക്കി നാട്ടിലെത്തുന്ന സാധാരണക്കാര്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നു. കോഴിക്കോട് വിമാനത്താവളം റണ്‍വേ വികസനത്തിന്റെ പേരില്‍ ചെറിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നിഷേധിക്കുന്നു. എയര്‍ കേരള പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. തുടങ്ങി നിരവധി വിഷയങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ എംപിയുടെ ശ്രദ്ധയില്‍ പെടുത്തി.

ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമ്പോള്‍ ആശുപത്രിയിലെ മലിന വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ പദ്ധതി നടപ്പിലാക്കാത്തത് ഗുരുതരമായ പ്രത്യാഖ്യാതമുണ്ടാക്കുമെന്നും മുഖാമുഖത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

പരിപാടിയോടനുബന്ധിച്ച് പിന്നണി ഗായകന്‍ ഹിഷാം അബ്ദുല്‍ വഹാബിന്റെ ഗസല്‍ വിരുന്നും അരങ്ങേറി.

പ്രസിഡന്റ് സൈഫുദ്ദീന്‍ വിളക്കേഴം അധ്യക്ഷത വഹിച്ചു. നിയാസ് ഉമ്മര്‍, ഷക്കീല ടീച്ചര്‍, ഉദയഭാനു, ബാലചന്ദ്രന്‍, വി.ജെ. നസ്റുദ്ദീന്‍, ജലീല്‍ പളളാത്തുരുത്തി, ആന്റണി വിക്ടര്‍ എന്നിവര്‍ സംസാരിച്ചു. സാജിദ് മുഹമ്മദ്, ഷിഹാബ് പോളക്കുളം, ജലീല്‍ ആലപ്പുഴ, നിസാര്‍ അഹമ്മദ്, ഖാലിദ് നാച്ചി, പ്രേമന്‍ കാക്കാഴം, സഹീര്‍ ആലപ്പുഴ, ഹാഷിം മണ്ണഞ്ചേരി, അബ്ദുല്‍ വഹാബ്, നിസാര്‍ പുന്നപ്ര എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍