ജര്‍മനിയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരേ ലൈംഗികാതിക്രമം
Sunday, February 7, 2016 8:48 AM IST
കൊളോണ്‍: ലോകപ്രശസ്തമായ കൊളോണ്‍ കാര്‍ണിവല്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, കാമറയ്ക്കു മുന്നില്‍ വച്ച് തന്നെ കടന്നുപിടിച്ചതായി ബെല്‍ജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി.

പലരും പിന്നില്‍നിന്നു തമാശ കാണിക്കുകയായിരുന്നു തുടക്കത്തില്‍. പിന്നീട്, പിന്നില്‍ത്തന്നെ നിന്ന ഒരാളാണ് കടന്നുപിടിച്ചത് അതു തന്നെ ഞെട്ടിച്ചെന്നും എസ്മെറാല്‍ഡ് ലാബ്യെ എന്ന മാധ്യമപ്രവര്‍ത്തക അറിയിച്ചു.

സംഭവം പൂര്‍ണമായി കാമറയില്‍ പകര്‍ത്തിയിട്ടുള്ളതിനാല്‍, ഇതില്‍ ഉള്‍പ്പെട്ട രണ്ടു പേരെയും പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. യൂറോപ്യന്‍ പൌരന്‍മാര്‍ തന്നെയാണ് അതിക്രമം കാട്ടിയതെന്ന് പ്രാഥമിക നിഗമനം. ആഘോഷത്തിനിടെ നടത്തിയ ലൈംഗികാതിക്രമത്തിന്റെ പേരില്‍ മുപ്പതോളം പേരെ പോലീസ് അറസ്റു ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ആഘോഷത്തിനിടെ ഇതാദ്യമായാണു ലൈംഗിക അതിക്രമം റിപ്പോര്‍ട്ടുചെയ്യുന്നത്.

കാര്‍ണിവലിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച നടന്ന വനിതകളുടെ കാര്‍ണിവല്‍ (വൈബര്‍ഫാസ്റ് നാഹ്റ്റ്) സ്ട്രീറ്റ് പാര്‍ട്ടിക്കിടെ 22 ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 224 പേരെ കസ്റഡിയിലെടുത്തു. ഇവര്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍പ്പെട്ടവരല്ലെന്നും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നും പോലീസ്. എന്നാല്‍ 30 പേരെ പോക്കറ്റടിയുമായി ബന്ധപ്പെട്ട് അറസ്റു ചെയ്തതായി പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍