ടി.എന്‍ ഗോപകുമാറിനെ റിയാദ് മീഡിയ ഫോറം അനുസ്മരിച്ചു
Saturday, February 6, 2016 5:39 AM IST
റിയാദ്: മലയാളി മനസിനെ ഇത്രയേറെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകനും സമീപ കാലത്തുണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു തീരാനഷ്ടമാണെന്നും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ടി.എന്‍ ഗോപകുമാര്‍ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയിലൂടെ അദ്ദേഹം മനുഷ്യ മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ആത്മസമര്‍പ്പണത്തിലൂടെ ടി.എന്‍ ഗോപകുമാര്‍ ആ പരിപാടിയെ ജനനന്‍മക്ക് ഉപയോഗപ്പെടുത്തി. കാപട്യമില്ലാത്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എക്കാലവും അദ്ദേഹം ഓര്‍മ്മിക്കപ്പെടും.

മൂന്നു പതിറ്റാണ്ട് നീണ്ട ടി.എന്‍.ജിയുടെ മാധ്യമ പ്രവര്‍ത്തന കാലഘട്ടത്തില്‍ സാംസ്കാരിക കേരളത്തിനു വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മാധ്യമം ബ്യൂറോ ചീഫ് ഇനാമുറഹ്മാന്‍ പറഞ്ഞു. ടെലിവിഷന്‍ പരിപാടികള്‍ക്കുപരി നിരവധി പുസ്തകങ്ങളും സിനിമയും ടി.വി സീരിയലുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നു. ഒരു മാധ്യമപ്രവര്‍ത്തകന് എന്തെല്ലാം ആകാമെന്നതിലുപരി എന്തെല്ലാം പാടില്ല എന്നു കൂടി അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ പഠിപ്പിച്ചു. മാധ്യമലോകത്തെ കാരണ്യത്തിന്റേയും നന്‍മയുടേയും മുഖമായി ടി.എന്‍ ഗോപകുമാര്‍ അറിയപ്പെടുമെന്നും അനുസ്മരണച്ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

റിംഫ് വൈസ് പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉബൈദ് എടവണ്ണ, നാസര്‍ അബൂബക്കര്‍, ഫസലുറഹ്മാന്‍, ഷമീം ബക്കര്‍, സലീം മാഹി, മൊയ്തീന്‍ കോയ എം, സുല്‍ഫിക്കര്‍, ബഷീര്‍ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, റബീഹ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, സൈനുദ്ദീന്‍ കൊച്ചി, ഷക്കീബ് കൊളക്കാടന്‍, മൊയ്തീന്‍ കുട്ടി തെന്നല, ജയന്‍ കൊടുങ്ങല്ലൂര്‍, സനൂപ് പയ്യന്നൂര്‍, ഉമ്മര്‍ മുക്കം, സാം സാമുവല്‍ പാറക്കല്‍, അഹമ്മദ് ബഷീര്‍, അലി ആലുവ എന്നവര്‍ ടി.എന്‍.ജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍