രഘുനാഥ് തളിയില്‍ പ്രവാസത്തോട് വിട പറയുന്നു
Saturday, February 6, 2016 5:38 AM IST
റിയാദ്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് വിട പറഞ്ഞുകൊണ്ടു റിയാദിലെ അറിയപ്പെടുന്ന സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തകനായ രഘുനാഥ് തളിയില്‍ അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കുകയാണ്. അടയുറച്ച കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമായ രഘുനാഥ് 33 വര്‍ഷമായി റിയാദിലുണ്ട്. എസ്എസ്സിഎല്‍ എന്ന കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി നോക്കുന്ന രഘുനാഥ് കണ്ണൂര്‍ പറശിനിക്കടവിനടുത്ത് ആന്തൂര്‍ തളിയില്‍ സ്വദേശിയാണ്.

1984 ഫെബ്രവരിയില്‍ റിയാദിലെത്തിയ രഘുനാഥ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ടാണ്. റിയാദ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്, ചെറുകുന്ന് കണ്ണപുരം നിവാസികളുടെ കൂട്ടായ്മയുടെ ചെയര്‍മാന്‍, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം ജന. സെക്രട്ടറി, അഴീക്കോട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, കണ്ണൂര്‍ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ രക്ഷാധികാരി, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി സേവാ സമിതി ഖജാന്‍ജി തുടങ്ങിയ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രഘനാഥ് സൌമ്യമായി കാര്യങ്ങളില്‍ ഇടപെടുന്നതു കൊണ്ടു തന്നെ റിയാദിലെ സര്‍വ്വസമ്മതനായ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒ.ഐ.സി.സി കണ്ണൂര്‍, സെന്‍ട്രല്‍ കമ്മിറ്റി രഘുനാഥിന് യാത്രയയപ്പ് നല്‍കുന്നുണ്ട്. പ്രേമയാണ് രഘുനാഥിന്റെ ഭാര്യ, രമ്യ, രാഹുല്‍ എന്നീ മക്കളുണ്ട്. നാട്ടിലെത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളിലുമായി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് രഘുനാഥ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍