സ്പെയ്നില്‍ ഗര്‍ഭിണിക്കു സിക്ക വൈറസ് ബാധ
Friday, February 5, 2016 10:31 AM IST
മാഡ്രിഡ്: യൂറോപ്പില്‍ ആദ്യമായി ഗര്‍ഭിണിയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സ്പെയ്നിലെ കാറ്റലോണിയയുടെ വടക്കുകിഴക്കന്‍ പ്രദേശത്താണിത്.

നേരത്തെ സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലായി ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഗര്‍ഭിണികള്‍ക്കു വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ ചുരുങ്ങും. ഇതിനു മരുന്നില്ല. അതേസമയം, മറ്റുള്ളവര്‍ക്കു രോഗം അത്ര മാരകമാകുന്നുമില്ല.

ഇപ്പോള്‍ രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന യുവതി 13-14 ആഴ്ച ഗര്‍ഭകാലം പിന്നിട്ടുകഴിഞ്ഞു. ഇവിടുത്തെ കൊതുകകള്‍ക്ക് രോഗം പരത്താന്‍ ശേഷിയുണ്ടെങ്കില്‍ വൈകാതെ തെക്കന്‍ യൂറോപ്പിലാകെ രോഗം പടരുമെന്നാണ് ആശങ്ക.

സ്പെയ്നില്‍ കണ്ടുവരുന്ന ടൈഗര്‍ മോസ്കിറ്റോയ്ക്ക് (ഈഡിസ് ആല്‍ബോപിക്റ്റസ്) സിക്ക വൈറസ് പടര്‍ത്താന്‍ ശേഷിയുള്ളതായാണ് കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍