മൈക്കിള്‍ ഷൂമാക്കറിന്റെ ആരോഗ്യനില വഷളായെന്നു സൂചന
Friday, February 5, 2016 8:02 AM IST
ബെര്‍ലിന്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില വഷളായെന്ന് മുന്‍ ഫെരാരി മേധാവി. ഷൂമിയുടെ ആരോഗ്യനിലയെക്കുറിച്ച് തനിക്കൊരു വിവരം കിട്ടിയിട്ടുണ്ടെന്നും ദൌര്‍ഭാഗ്യവശാല്‍ അത് അത്ര നല്ല വിവരമല്ലെന്നുമാണു ഫെരാരിയുടെ മുന്‍ മേധാവിയും ഷൂമിയുടെ ബോസുമായിരുന്ന ലൂക്ക ഡി മോണ്‍ടെസെമോളോയുടെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണു ലൂക്ക ഇക്കാര്യം പറഞ്ഞത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു.

രണ്ടു വര്‍ഷം മുമ്പ് സ്കീയിംഗിനിടെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് കോമയിലായിരുന്നു ഷൂമി. പിന്നീട് കോമയില്‍നിന്ന് ഉണര്‍ന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ സാധിച്ചിരുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലുള്ള വസതിയില്‍ അത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടു കൂടിയാണു ഷൂമിയെ പരിചരിക്കുന്നത്. പല പ്രമുഖരും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

2013 ഡിസംബര്‍ 29ന് സ്കീയിംഗിനിടെ വീണാണു മൈക്കിള്‍ ഷൂമാക്കറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവം നടന്നയുടനെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അമിത രക്തസ്രാവംമൂലം നാല്‍പ്പത്തിയാറുകാരനായ ഷൂമിക്ക് സുബോധം നഷ്ടമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൃത്രിമമായി കോമയില്‍ ആക്കുകയായിരുന്നു. നാല്‍പ്പത്തിയഞ്ചാം പിറന്നാളിനു തൊട്ടുമുമ്പാണ് അപകടം.

ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത നിരയിലെ മെറിബല്‍ റിസോര്‍ട്ട് ഏരിയായിലാണ് ഷൂമാക്കറിന് അപകടം സംഭവിച്ചത്. സ്വകാര്യ റിസോര്‍ട്ടാണ് മെറിബല്‍. ഫ്രഞ്ച് അതിര്‍ത്തി പ്രദേശമായ ഗ്രെനോബള്‍ സ്ഥലത്തുള്ള ആശുപത്രിയിലായിരുന്നു ഷൂമിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും പാറയില്‍ തലയിടിച്ചുണ്ടായ ആഘാതത്തില്‍ തലച്ചോറിനു പരിക്കേറ്റിരുന്നു. ഷൂമിയുടെ ദുരന്തത്തിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നാണ് അന്ന് അന്വേഷിച്ചിരുന്നു. ഹെല്‍മെറ്റിലെ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. പാറയില്‍ ഇടിച്ച ആഘാതത്തില്‍ ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നെങ്കിലും കാമറ വലിയ കേടുപാടുകളില്ലാതെ കണ്ടെടുക്കാന്‍ സാധിച്ചിരുന്നു. അപകടത്തിനു ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ മകന്‍ നിക്കില്‍നിന്നു പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ജര്‍മനിയിലെ കൊളോണിനടുത്തുള്ള ഹ്യൂര്‍ത്തിലാണു ഷൂമാഹര്‍ ജനിച്ചതെങ്കിലും വളര്‍ന്നത് കെര്‍പ്പനിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍