മീഡിയ പള്‍സ് പത്താം വര്‍ഷത്തിലേക്ക്
Thursday, February 4, 2016 10:14 AM IST
ദോഹ: നൂതനങ്ങളായ പരസ്യ ഉത്പന്നങ്ങളും സേവനങ്ങളും മുഖ മുദ്രയാക്കി ഖത്തറിലെ പരസ്യ രംഗത്തും ഈവന്റ് മാനേജ്മെന്റ് രംഗത്തും സാന്നിധ്യം അടയാളപ്പെടുത്തിയ മീഡിയ പള്‍സ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മീഡിയ പള്‍സ് സിഇഒ അമാനുള്ള വടക്കാങ്ങര വിശദീകരിച്ചു.

ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് എഡിഷന്‍ കൂടുതല്‍ പുതുമകളോടെ മേയ് പുറത്തിറങ്ങും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെയായിരിക്കും ഡയറക്ടറിയുടെ പത്താമത് എഡിഷന്‍ പുറത്തിറങ്ങുക. ഇതിനായി സൌദി അറേബ്യയില്‍ ഫ്രന്റ്സ് ക്രിയേഷന്‍സ്, ഒമാനില്‍ ടോപ് ആഡ് അഡ്വൈര്‍ട്ടൈസിംഗ്, യുഎഇയില്‍ ഫജര്‍ അല്‍ അറബ്, ബഹറിനില്‍ ഓപല്‍ കണ്‍സള്‍ട്ടന്റ് എന്നീ സ്ഥാപനങ്ങളുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു കഴിഞ്ഞു. ഇന്തോ, ഗള്‍ഫ് ബിസിനസ് പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയിലെ ചില സ്ഥാപനങ്ങള്‍ ഈ ഡയറക്ടറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഡയറക്ടറിയുടെ മൊബൈല്‍ അപ്ളിക്കേഷനും പുറത്തിറക്കി കഴിഞ്ഞു. ഗൂഗിള്‍ പ്ളേ സ്റോറില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന രൂപത്തിലാണ് മൊബൈല്‍ അപ്ളിക്കേന്‍ സംവിധാനിച്ചിരിക്കുന്നത്.

ഇതിനകം തന്നെ ഖത്തറിലേക്ക് വരുന്ന ഏതൊരു സംരംഭകന്റേയും ഒഴിച്ചുകൂടാനാവാത്ത റഫറന്‍സ് ഗ്രന്ഥമായി മാറിയ ഡയറക്ടറി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ വ്യാപാരത്തിന്റെ പുതിയ വാതിലുകള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്കരിച്ച പതിപ്പാണ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത മറ്റൊരു പ്രധാന പരിപാടി.

വാര്‍ത്താസമ്മേളനത്തില്‍ ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഫൌസിയ അക്ബര്‍, ഒമാനിലെ ടോപ്ആഡ് അഡ്വര്‍ട്ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ സുറൂര്‍ റഹ്മാന്‍, ജനറല്‍ മാനേജര്‍ റഹ്ത്തുല്ല പി. സിദ്ധീഖ് എന്നിവരും പങ്കെടുത്തു.