മെര്‍ക്കലിന്റെ ജനസമ്മതി കുറയുന്നു
Thursday, February 4, 2016 10:14 AM IST
ബെര്‍ലിന്‍: ലോകനേതാവായി തിളങ്ങുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനസമ്മതി കുറയുന്നു. ജര്‍മനിയിലെ ഒന്നാം നമ്പര്‍ ടെലിവിഷന്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. മെര്‍ക്കലിന്റെ വികലമായ അഭയാര്‍ഥി നയമാണ് ഇതിന്റെ പ്രധാന കാരണം. മെര്‍ക്കലിന്റെ മാത്രമല്ല മന്ത്രിസഭയുടെയും പ്രതിഛായ നഷ്ടപ്പെട്ട് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നുവെന്നാണ് വോട്ടെടുപ്പില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം.

വോട്ടെടുപ്പില്‍ പങ്കെടുത്ത 81 ശതമാനം ആളുകളും മെര്‍ക്കലിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിക്കുകയും മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ ഒന്നേകാല്‍ മില്യനോളം അഭയാര്‍ഥികളെ സ്വീകരിച്ച് ഒടുവില്‍ അനിയന്ത്രിതമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ജര്‍മനിയെ കൊണ്െടത്തിക്കുകയും ചെയ്തുവെന്ന് അഭിപ്രായപ്പെട്ടു. ജര്‍മന്‍ ജനത അഭയാര്‍ഥികള്‍ക്കെതിരല്ല. പക്ഷെ ചെയ്ത നടപടികള്‍ അപ്പാടെ തെറ്റിപ്പോയി എന്നും മെര്‍ക്കലിന്റെ ചെയ്തികള്‍ അതിരുകടന്നു എന്നുമാണ് 63 ശതമാനം അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ മാസം പാര്‍ട്ടിക്ക് 39 ശതമാനം ജനസമ്മതി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ നാലു ശതമാനം വോട്ടുകള്‍ നഷ്ടമായി 35 ല്‍ എത്തുമെന്നും പറയുന്നു. ഭരണത്തിലെ കൂട്ടുകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റുകള്‍ക്ക് 24 ശതമാനമാണ് ഇപ്പോഴത്തെ ജനസമ്മതി.

2011 മുതല്‍ മെര്‍ക്കലിന്റെ ജനസമ്മതി അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ജര്‍മനിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതേ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം ഉണ്ടായിരുന്ന താത്പര്യം ഇപ്പോള്‍ 12 ശതമാനത്തോളം കുറഞ്ഞ് 34 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഈ വര്‍ഷം പകുതിയോടുകൂടി അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിയും വരും പാര്‍ട്ടിക്ക്.

വിദേശി വിരോധികളായി ചിത്രീകരിക്കാനാവില്ലെങ്കിലും ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) എന്ന പാര്‍ട്ടിയുടെ മുന്നേറ്റം അദ്ഭുത പൂര്‍വമാണ്. മൂന്നു ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ജനസമ്മതി വളര്‍ന്നുകഴിഞ്ഞു. മെര്‍ക്കിലിനെതിരെ പടനയിക്കാന്‍ ഈ പാര്‍ട്ടിയിപ്പോള്‍ ശക്തമായി എന്ന സൂചനയാണ് ഇവരുടെ വളര്‍ച്ച സൂചിപ്പിക്കുന്നത്.

എന്നാല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും രാജ്യത്താകമാനവും കൂടാതെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും കൂട്ടുകക്ഷിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ അഭയാര്‍ഥി നയത്തില്‍ മെര്‍ക്കലിന് വീണ്ടുവിചാരം ഉണ്ടാവുകയും പുതിയ അഭയാര്‍ഥി നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനും കഴിഞ്ഞത് ഒരു പരിധിവരെ മെര്‍ക്കലിന്റെ വിജയമായി കാണാമെങ്കിലും അടിക്കടി താഴുന്ന ജനസമ്മതി ഉയര്‍ത്താനായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ രുചിയറിയേണ്ടിവരും ലോക നേതാക്കളില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അറുപത്തിയൊന്നുകാരിയായ ആംഗല മെര്‍ക്കലിന്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍