ഇസ്ലാമിനു നേരേയുള്ള ആക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കും നേരേയുള്ള ആക്രമണം: ഒബാമ
Thursday, February 4, 2016 7:51 AM IST
മേരിലാന്റ്: ഒരു പ്രത്യേക മതവിശ്വാസത്തിനു നേരേ നടത്തുന്ന ആക്രമണം പൊതുവെ എല്ലാ മതവിശ്വാസങ്ങള്‍ക്കുനേരെ നടത്തുന്ന അക്രമമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് ഒബാമ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായി അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ 47 വര്‍ഷമായി പഴക്കമുള്ള മോസ്ക്ക് സന്ദര്‍ശിക്കുന്നതിനിടെ തടിച്ചു കൂടിയ ആയിരകണക്കിന് മുസ്ലിം സഹോദരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒബാമ.

മുസ്ലിം സഹോദരങ്ങള്‍ അമേരിക്കന്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കപ്പേടേണ്ടവയാണെന്ന് ഒബാമ പറഞ്ഞു. പോലീസ്, ഫയര്‍ ഫോഴ്സ്, ഹോംലാന്റ് സെക്യൂരിറ്റി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി ഒബാമ ചൂണ്ടികാട്ടി.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഡൊണാള്‍ഡ് ട്രംമ്പ് ഉള്‍പ്പെടെ ചിലര്‍ മുസ്ലിം വിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കെ ഒബാമയുടെ അഭിപ്രായ പ്രകടനം മുസ്ലിം സമുദായത്തിന് ആത്മവിശ്വാസം വീണ്െടടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മതസ്വാതന്ത്യ്രം അമേരിക്കയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് ഒബാമ പറഞ്ഞു.

അമേരിക്കയ്ക്കു പുറത്ത് ഒബാമ മോസ്കുകള്‍ സന്ദര്‍ശിച്ചിട്ടുണ്െടങ്കിലും അമേരിക്കയില്‍ ഒരു മോസ്ക്ക് സന്ദര്‍ശിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഒബാമയുടെ മോസ്ക് സന്ദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഒബാമയുടെ സന്ദര്‍ശനമെന്ന് എതിര്‍ ചേരിക്കാര്‍ പ്രചരിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍