എസ്എംഎ വനിതാ ഫോറം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
Thursday, February 4, 2016 7:41 AM IST
ബാസല്‍: സ്വിറ്റ്സര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ വനിതാഫോറം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലുള്ള ഭാരതീയര്‍ ആതുരാലയ രംഗത്തും ഐടി മേഖലയിലും മറ്റു പല മേഖലകളിലും അനുഷ്ടിക്കുന്ന സമഗ്ര സംഭാവനകളെക്കുറിച്ചും പ്രശംസിച്ച റൈനാഹ് ഇടവക വികാരി ഫാ. ആന്ദ്രയാസ് ഷ്വിന്റ്, വനിതാ ഫോറത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് ആശംകള്‍ നേര്‍ന്നു.

വിദേശത്ത് വസിക്കുന്ന ഓരോ ഇന്ത്യക്കാരനും തങ്ങളുടെ രാജ്യത്തിന്റെ പ്രതിനിധികളാണെന്നും അതുകൊണ്ട് സ്വന്തം രാജ്യത്തിന്റെ യശസ് പ്രവാസികളായ നമ്മളാല്‍ നഷ്ടപ്പെടുത്താതെ എന്നും ഉയര്‍ത്തിപ്പിടിക്കണമെന്നും ഫോറത്തിലെ അംഗങ്ങളോടു സെക്രട്ടറി ലീന കുളങ്ങര ആഹ്വാനം ചെയ്തു.

ഭക്ഷണത്തിനൊപ്പം ദൃശ്യസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്നു ചിഞ്ചു എലവത്തിങ്കല്‍, ശില്പ തളിയത്ത്, അഞ്ജയ ആന്‍ഡ് കെവിന്‍ പൂത്തുള്ളി, ആന്‍മേരി വെട്ടിക്കാട്ട്, കെവിന്‍ മാടശേരി തുടങ്ങിയവരുടെ വിവിധ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. സാന്ദ്ര മൂക്കുംതറ ഗാനം ആലപിച്ചു. ടോം കുളങ്ങരയുടെ പാചകത്തിലെ കരവിരുത് സ്വദേശികളും വിദേശികളും ഒന്നടങ്കം ആസ്വദിച്ചു.

പ്രസിഡന്റ് ശ്രീമതി സൂസന്‍ പൂത്തുള്ളി, ശ്രുതി പെരെപ്പാടന്‍, അഞ്ജയ പൂത്തുള്ളി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍