'മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും' പുസ്തകം പ്രകാശനം ചെയ്തു
Thursday, February 4, 2016 7:37 AM IST
തിരൂര്‍: മലയാള സര്‍വകലാശാല പ്രസിദ്ധീകരിച്ച 'മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫെബ്രുവരി രണ്ടിനു രാവിലെ പത്തിനു തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ അക്ഷര കാമ്പസില്‍ നടന്ന ചടങ്ങില്‍ പ്രഫ. എം.ജി.എസ്. നാരായണന്‍ പുസ്തകത്തിന്റെ പ്രഥമ കോപ്പി ഡോ.എം. എം. ബഷീറിനു നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍, പുസ്തകത്തിന്റെ എഡിറ്ററും ജര്‍മനിയിലെ ട്യൂബിംങന്‍ യൂണിവേഴ്സിറ്റിയിലെ ഗുണ്ടര്‍ ചെയറുമായ പ്രഫ. ഡോ.സ്കറിയാ സഖറിയ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരള പഠനത്തിന്റെ മിഷണറിയായ ഗുണ്ടര്‍ട്ടിന്റെ ജീവിതം, രചനകള്‍, രേഖാ ശേഖരം എന്നിവയെക്കറിച്ചുള്ള കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ വിജ്ഞാന വിഭവങ്ങള്‍ക്കു പുറമെ ഗുണ്ടര്‍ട്ടിന്റെ അറിവും ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള അറിവും കേരളത്തിന്റെ ബൌദ്ധിക ചരിത്രമായി വികസിപ്പിക്കുന്ന വിജ്ഞാന സംരംഭവുമാണു പുസ്തകത്തിന്റെ ഉള്ളടക്കം.

രണ്ടു വാല്യങ്ങളിലായി പുറത്തിറക്കിയ പുസ്തകത്തിന്റെ 1488 പേജുകളില്‍ 192 ചിത്രങ്ങളും, എഴുപതോളം പഠന ഗവേഷണ ലേഖനങ്ങളും, വിശദമായ പട്ടികകളും ക്രമീകരിച്ച് 42 പുറം പദസൂചികളുമായിട്ടാണു തയാറാക്കിയിരിക്കുന്നത്. സാധാരണക്കാര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുഗമമായി ഉപയോഗിക്കാവുന്ന തരത്തില്‍ പുറത്തിറക്കിയ പുസ്തകം കേരള പഠനത്തിനുള്ള അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാമെന്നു പ്രസാധകര്‍ പറഞ്ഞു.
ചങ്ങനാശ്ശേരി അനുഗ്രഹാ കംപ്യൂട്ടേഴ്സ് ലിപിവിന്യാസം നടത്തി, ചങ്ങനാശേരി മറ്റത്തില്‍ പ്രിന്റേഴ്സാണു പുസ്തകം അച്ചടിച്ചത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയതിന്റെ ചാരിതാര്‍ഥ്യത്തിലാണു പ്രഫ. ഡോ.സ്കറിയാ സഖറിയ.

പുസ്തകത്തിന്റെ രണ്ടു വാല്യങ്ങള്‍ക്കും കൂടി മുഖവില 1000 (500+500) രൂപയാണ്. കോപ്പികള്‍ക്കു മലയാള സര്‍വകലാശാലയുമായി ബന്ധപ്പെടുക. ഫോണ്‍: 0494 242 2422. പുസ്തകം ഓണ്‍ലൈനിലും ലഭ്യമാണ്. ംംം.ശിറൌഹലസവമ.രീാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍