ഫൊക്കാന കണ്‍വന്‍ഷന്‍: കൌണ്ട് ഡൌണ്‍ ആരംഭിച്ചു
Thursday, February 4, 2016 7:35 AM IST
ടൊറന്റോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പതിനേഴാമതു കണ്‍വന്‍ഷന്‍ കൌണ്ട്ഡൌണ്‍ ആരംഭിച്ചു. ടൊറന്റോ മലയാളി സമാജം ഈസ്റ് സെന്ററില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി.ജോണിന്റെ അധ്യക്ഷതില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ ബിജു കാട്ടത്തറ, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ഷിബു, മിസിസാഗ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍, നയാഗ്ര മലയാളി അസോസിയേഷന്‍ ബൈജു ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു വെബ്സൈറ്റ് പ്രകാശനം ചെയ്തു. ഒപ്പം, സോഷ്യല്‍ മീഡിയ പ്രചാരണത്തിനും തുടക്കമായി. ഫൊക്കാന നേതാക്കളായ ജോര്‍ജ് ചാണ്ടി, ബിജു മാത്യൂസ്, ജോണ്‍ ഇളമതാ, ആനീ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ടൊറന്റോ മലയാളി സമാജം സെക്രട്ടറി സാബു ജോസ് കാട്ടുക്കുടിയില്‍ നന്ദി പറഞ്ഞു.

ഫൊക്കാന ഇന്റര്‍നാഷണല്‍ മലയാളം സിനി അവാര്‍ഡ് (ഫിംക), മിസ് ഫൊക്കാന, ഗ്ളിംപ്സ് ഓഫ് ഇന്ത്യ, സ്പെല്ലിംഗ് ബീ, ഉദയകുമാര്‍ വോളിബോള്‍ ടൂര്‍ണമെന്റ് എന്നിവയുടെ അകമ്പടിയോടെയാണ് ഫൊക്കാനയുടെ ഇത്തവണത്തെ കണ്‍വന്‍ഷന്‍. ലോകമെമ്പാടുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നയാഗ്രയിലേക്കുള്ള യാത്രയും പ്രത്യേകതയാണ്. ഫിംക അവാര്‍ഡ് കണ്‍വന്‍ഷനു സമ്മാനിക്കുക താരത്തിളക്കംകൂടിയാണ്. ടൊറന്റോയ്ക്കു സമീപം മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സില്‍ ജൂലൈ ഒന്നിനാണ് ഫൊക്കാന കണ്‍വന്‍ഷനു കൊടിയേറുക.

സ്പോണ്‍സര്‍മാരായ അലക്സ് അലക്സാണ്ടര്‍, മനോജ് കാറാത്ത, റോയി ജോര്‍ജ്, ബാലു, ബാബു എന്നിവരെ ആദരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം