ടി.പി. ശ്രീനിവാസനെതിരേ നടന്ന അതിക്രമത്തില്‍ അപലപിച്ചു
Wednesday, February 3, 2016 7:14 AM IST
വിയന്ന: ഇന്ത്യയുടെ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനും, ഓസ്ട്രിയയിലെ മലയാളികളുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ടി.പി. ശ്രീനിവാസനെതിരെ നടന്ന അക്രമത്തില്‍ രാജ്യത്തെ വിവിധ മലയാളി ഇന്ത്യന്‍ സംഘടനകള്‍ നടുക്കം രേഖപ്പെടുത്തുകയും, സംഭവത്തില്‍ കുറ്റകാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നു സംഘടനകളുടെ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കേരളസമാജം വിയന്ന, വിയന്ന മലയാളി അസോസിയേഷന്‍, കൈരളി നികേതന്‍ മലയാളം സ്കൂള്‍, യു.എന്‍ സംഘടനകളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായ വിഐസി ഇന്ത്യന്‍ ക്ളബ്, പ്രവാസി മലയാളി ഫെഡറേഷന്‍ യുറോപ്പ് റീജന്‍, വോയിസ് വിയന്ന തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ ടി.പി. ശ്രീനിവാസനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് നല്കിയട്ടുണ്ട്. പ്രായം കൊണ്ടും പ്രവര്‍ത്തി കൊണ്ടും ഉന്നതശീര്‍ഷനായ വിശ്വപൌരനായിട്ടാണ് വിയന്ന മലയാളികള്‍ ശ്രീനിവാസനെ കരുതതെന്നും, ബഹുമുഖ പ്രതിഭയായ അദ്ദേഹത്തെ കായികമായി നേരിട്ടത് ഏറെ നിന്ദ്യമായിപ്പോയെന്നും സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇതിനോടകം തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് സംഘടനാ പ്രതിനിധികള്‍ ഇമെയില്‍ അയച്ചിട്ടുണ്ട്.

അതേസമയം സംഭവത്തെ രാഷ്ട്രീയവത്കരിക്കാതെ, കുറ്റകാരയായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, അഭ്യസ്തവിദ്യരായ മലയാളികളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്കും അദ്ദേഹം നല്കിവരുന്ന സംഭാവനകള്‍ ഈ അവസരത്തില്‍ അനുസ്മരിക്കുന്നതായി പ്രതിനിധികള്‍ കൂട്ടി ചേര്‍ത്തു. ആശയപരമായ ഭിന്നതയില്‍ പ്രതിഷേധിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടും, ഏതു രാഷ്ട്രീയ വിഭാഗത്തില്‍ ഉള്ളവര്‍ ആയിരുന്നാലും അക്രമത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് സാംസ്കാരിക അധപതനമായിട്ടെ വിലയിരുത്താന്‍ കഴിയുകയുള്ളുവെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി