ഐഎന്‍ഒസി ഷിക്കാഗോ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Wednesday, February 3, 2016 7:12 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ അറുപത്തേഴാമതു റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ജനുവരി 29-നു കെപിസിസി വൈസ് പ്രസിഡന്റും ഗവണ്‍മെന്റ് പ്ളീഡറുമായ അഡ്വ. ലാലി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. മാതൃരാജ്യത്തിന്റെ ദേശഭക്തിനിറഞ്ഞുനിന്ന ആഘോഷ പരിപാടികളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി സിനു പാലയ്ക്കാത്തടം വിശിഷ്ടാതിഥികളെ മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വേദിയിലേക്കു ക്ഷണിച്ച് ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് ഭാരതത്തിന്റേയും അമേരിക്കയുടേയും ദേശീയ ഗാനങ്ങള്‍ ബ്യൂലബെന്‍, ബ്യൂണബെന്‍, അലന്‍ ചേന്നോത്ത്, എന്നിവര്‍ ആലപിച്ചത് ദേശഭക്തിയുണര്‍ത്തി. അച്ചന്‍കുഞ്ഞ് ബൊക്കെ നല്‍കി വിശിഷ്ടാതിഥിയെ സ്വീകരിച്ചു. ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് നിറഞ്ഞ സദസിന് സ്വാഗതം ആശംസിച്ചുകൊണ്ട് ഐ.എന്‍.ഒ.സിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ് ആയിരുന്നു എം.സി. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ലൂയി ചിക്കാഗോ, ഐ.എന്‍.ഒ.സി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റ്റോമി അംബേനാട്ട്, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ജയ്ബു കുളങ്ങര, ഡോ. ജോസ് ആന്റണി, ചെറിയാന്‍ വേങ്കടത്ത്, ജോണ്‍ ഇലക്കാട്ട്, മനു നൈനാന്‍, ഹെറാള്‍ഡ് ഫിഗുരേദോ, അച്ചന്‍കുഞ്ഞ് മാത്യു, ഐ.എന്‍.ഒ.സി നാഷണല്‍ ഐ.ടി കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. എല്‍സി വേങ്കിടത്തിന്റെ നേതൃത്വത്തിലുള്ള താലപ്പൊലിയും വിവിധ കലാപരിപാടികളും സമ്മേളനത്തിന് കൊഴുപ്പേകി. മാത്യു ഡാനിയേലിന്റെ നന്ദി പ്രകാശനത്തോടും ഡിന്നറോടുംകൂടി പരിപാടികള്‍ക്കു തിരശീല വീണു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം