ഷിക്കാഗോയില്‍ ജനുവരിയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 51 എന്ന് റിപ്പോര്‍ട്ട്
Wednesday, February 3, 2016 7:09 AM IST
ഷിക്കാഗോ: ജനുവരി മാസം ഷിക്കാഗോയില്‍ വിവിധ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2015 ജനുവരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയിരുന്നുവെങ്കില്‍ 2016 ജനുവരിയില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. 2014 ജനുവരിയില്‍ 20 പേര്‍. അമേരിക്കയില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഷിക്കാഗോയ്ക്ക് മൂന്നാം സ്ഥാനമാണ്. 2000ത്തിനുശേഷം ജനുവരിയില്‍ ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്.

2016 ജനുവരിയില്‍ 241 വെടിവയ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഷിക്കാഗൊ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യാഗിക അറിയിപ്പില്‍ പറയുന്നു. കുറ്റവാളിസംഘങ്ങള്‍ തമ്മിലുളള പകപോക്കലാണ് മരണ സംഖ്യ ഇത്രയും ഉയരുവാന്‍ കാരണമെന്നു പൊലീസ് ചൂണ്ടിക്കാട്ടി.

2015 ല്‍ ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 468 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2014ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ 12.5 ശതമാനം കൂടുതലാണിത്. 2015 ല്‍ 2,900 വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തലേ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധനവ്.

അക്രമികളെ അമര്‍ച്ച ചെയ്യുന്നതിനും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന അര്‍ഹതപ്പെട്ട ശിക്ഷ നല്‍കുന്നതിനും പോലീസ് ഉദ്യാഗസ്ഥര്‍ പരമാവധി ശ്രമിക്കുന്നുണ്െടങ്കിലും അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍