അയോവയുടെ ബാക്കിപത്രം
Wednesday, February 3, 2016 7:08 AM IST
ഡിമോയില്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികളുടെ ആരംഭം കുറിച്ച് നടന്ന അയോവ കോക്കസുകള്‍ പല തെറ്റായ അഭിപ്രായ സര്‍വേ ഫലങ്ങളും പ്രവചനങ്ങളും തിരുത്തിക്കുറിച്ചു. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയും പറയുന്നതുപോലെയും വോട്ടര്‍മാര്‍ പെരുമാറും എന്ന ചില സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസത്തിനും ക്ഷതമേറ്റു. വരും കോക്കസുകളുടെയും പ്രൈമറികളുടെയും സമ്പൂര്‍ണ നാന്ദിയായി അയോവ ഫലത്തെ വിലയിരുത്താനാവില്ലെങ്കിലും പല സൂചനകളും ഇതില്‍നിന്നു തിരിച്ചറിയാം.

ഡെമോക്രാറ്റിക് പ്രൈമറികളില്‍ വളരെ നീണ്ട പോരാട്ടം നടന്നേക്കുമെന്നു എന്റെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. അയോവ പ്രവചിക്കുന്നത് ഈ സാധ്യതയാണ്. പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുവാന്‍ പാര്‍ട്ടിയില്‍നിന്ന് ആര് അര്‍ഹതനേടും എന്നറിയുവാന്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വന്നേക്കും.

അയോവ കോക്കസില്‍ ആശാവഹമായ വിജയമല്ല ഹിലരി ക്ളിന്റണ്‍ നേടിയത്. ഹിലരിക്ക് 22 ഡെലി ഗേറ്റുകള്‍ ലഭിച്ചപ്പോള്‍ പ്രധാന എതിരാളി ബേണി സാന്‍ഡേഴ്സ് തൊട്ടടുത്തെത്തി 21 ഡെലിഗേറ്റുകള്‍ നേടി. മൂന്നാം സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ഓമല്ലേയ്ക്ക് പൂജ്യം ഡെലിഗേറ്റുകളും മാര്‍ട്ടിന്‍ രംഗത്തു നിന്ന് പിന്മാറി. ബേണിയുടെ അനുയായികള്‍ക്ക് കോക്കസുകള്‍ പുതിയ അനുഭവമാണ്. ഇവരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പോളിംഗ് സ്റേഷനില്‍ എത്താന്‍ മെനക്കെടില്ല എന്നൊക്കെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബേണിയുടെ പ്രകടനം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവും.

ഹിലരിക്കും പ്രതീക്ഷിച്ചതുപോലെ മുന്നേറാന്‍ കഴിയാത്ത ചില കാരണങ്ങളുണ്ടായി. സ്വന്തം ഈ മെയില്‍ വിലാസത്തിലൂടെ അയയ്ക്കുയോ സ്വീകരിക്കുയോ ചെയ്ത അതീവ രഹസ്യമായ ഔദ്യാഗിക ഇമെയിലുകളുടെ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പ്രചരണത്തിലെ താര പ്രചാരകനും മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ ക്ളിന്റന്റെ പ്രസംഗങ്ങള്‍ക്കു പഴയ ആകര്‍ഷണീയത ഇല്ലെന്നു കേള്‍വിക്കാര്‍ പരാതിപ്പെട്ടു. അയോവയിലെ മേസണ്‍ സിറ്റിയിലെ ബില്ലിന്റെ പ്രചരണ പ്രസംഗം തീരെ തണുപ്പനായിരുന്നു എന്നായിരുന്നു പ്രതികരണം. ഒരാഴ്ച മുന്‍പ് ലാസ് വേഗസില്‍ പ്രസംഗിച്ചപ്പോഴും ശ്രോതാക്കള്‍ക്കു വ്യക്തമായി കേള്‍ക്കാനോ മനസിലാക്കാനോ കഴിഞ്ഞില്ല എന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

താന്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണു ശരി എന്ന ശാഠ്യവുമായി പ്രചാരണം നടത്തുന്ന ഡൊണാള്‍ഡ് ട്രംപ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള ഏഴാമത്തെ സംവാദത്തില്‍നിന്ന് വിട്ടുനിന്നതു പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവാം. അയോവയില്‍ ഡൊണാള്‍ഡ് മാര്‍കോ റൂബിയോയെ പോലെ ഏഴു പ്രതിനിധികളെ മാത്രം സ്വന്തമാക്കിയപ്പോള്‍ എട്ടു പ്രതിനിധികളുമായി ടെഡ് ക്രൂസ് ഒന്നാം സ്ഥാനത്തെത്തി. ഒരു മുന്‍ വിശകലനത്തില്‍ അയോവയില്‍ ടെഡിനാണു മേല്‍ക്കൈ എന്നു നിരീക്ഷിച്ചിരുന്നു.

കൂടുതല്‍ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തു വലിയ പ്രചാരണ സന്നാഹമാണു ടെഡ് നടത്തിയത്. സ്വന്തം സംസ്ഥാനമായ ടെക്സാസില്‍നിന്നു വോളന്റിയര്‍മാരെ അയോവയിലെത്തിച്ച ഡോര്‍ മീറ്ററികളില്‍ അവരെ താമസിപ്പിച്ച് ടെഡ് പ്രചാരണം കൊഴുപ്പിച്ചു. സുവിശേഷ മത വിശ്വാസിയായ ടെഡ് മറ്റു സവിശേഷ മതവിശ്വാസികളെയും ടീ പാര്‍ട്ടി അനുകൂലികളെയും ഒപ്പം നിര്‍ത്തുന്നതില്‍ വിജയിച്ചു. കോക്കസുകളില്‍ എത്തുന്ന അനുയായികള്‍ക്ക് ക്ഷമയും അര്‍പ്പണബോധവും ആവശ്യമാണ്. ഈ രണ്ടു വിഭാഗക്കാരിലും ഈ ഗുണങ്ങളുണ്ട്. ഇവരെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ ടെഡിന് കഴി!ഞ്ഞു. അയോവ തനിക്ക് നിര്‍ണായകമാണെന്ന് പറയുകയും അനുയായികളെ വിശ്വസിപ്പിക്കുകയും ചെയ്യാനും ടെഡിനു കഴിഞ്ഞു. ബെന്‍ കാഴ്സണ്‍ -3, റാന്‍ഡ് പോള്‍ -1 എന്നിങ്ങനെയാണു മറ്റ് സ്ഥാനാര്‍ഥികളുടെ നേട്ടങ്ങള്‍. ഒരു വലിയ സ്ഥാനാര്‍ത്ഥി നിര മത്സരരംഗത്തുണ്െടങ്കിലും പ്രധാനമായും മത്സരം മൂന്നോ നാലോ പേര്‍ തമ്മിലാണ്, മറ്റുളളവര്‍ വൈകാതെ പിന്‍വാങ്ങും എന്ന് നിരീക്ഷികരെ ഓര്‍മപ്പെടുത്താന്‍ അയോവ ഫലം സഹായിക്കും.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്