'പൈതൃകം 2016' സെപ്റ്റംബറില്‍ മെല്‍ബണില്‍
Tuesday, February 2, 2016 8:54 AM IST
മെല്‍ബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഒഷ്യാനയുടെ മൂന്നാമത് സമ്മേളനം 'പൈതൃകം 2016' സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ മെല്‍ബണിലെ ഫിലിപ് ഐലന്‍ഡ് അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ നടക്കും.

ബിഷപ്പുമാര്‍, വൈദികര്‍, സമുദായനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഓസ്ട്രേലിയക്കു പുറമേ ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 500 കുടുംബങ്ങളില്‍നിന്നായി 1500 ആളുകള്‍ പങ്കെടുക്കും. വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം. സജി വരവുകാല രചിച്ച്, ജോമോന്‍ കുളിഞ്ഞി സംഗീത സംവിധാനം നിര്‍വഹിച്ച സമ്മേളനത്തിന്റെ തീം സോംഗ് സിഡിയുടെ പ്രകാശനം ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി നിര്‍വഹിച്ചു.

സെമിനാറുകള്‍, ക്ളാസുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കലാ കായിക മത്സരങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. സമ്മേളനത്തിന്റെ മൂന്നാം ദിവസം റാലിയും പൊതുസമ്മേളനവും നടക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സഭ പിതാക്കന്മാര്‍, വൈദിക പ്രമുഖര്‍ സമുദായ നേതാക്കള്‍ എന്നിവര്‍ക്കു പുറമേ ഓസ്ട്രേലിയയിലെ ഭരണകര്‍ത്താക്കളും സംസാരിക്കുമെന്നു സ്വാഗതസംഘം ചെയര്‍മാന്‍ സുനു ഉറവക്കുഴി പറഞ്ഞു.

സമ്മേളനത്തിന്റെ വിജയത്തിനായി ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് സുനു സൈമണ്‍ ഉറവക്കുഴി ചെയര്‍മാനും തോമസ് സജീവ് കായിപ്പുറത്ത് വൈസ് ചെയര്‍മാനും ആയി 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സന്‍ മാമലശേരി