മലങ്കര കത്തോലിക്കരുടെ ഭദ്രാസനോദ്ഘാടനവും സ്ഥാനാരോഹണവും
Tuesday, February 2, 2016 8:51 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ സമാധാന രാഞ്ജി ഭദ്രാസനത്തിന്റെ ഉദ്ഘാടനവും പ്രഥമാധ്യക്ഷന്‍ തോമസ് മാര്‍ യൌസേബിയോസിന്റെ സ്ഥാനാരോഹണവും ജനുവരി 23ന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു.

രാവിലെ 10 ന് ആരംഭിച്ച വിശുദ്ധകുര്‍ബാനക്ക് മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വം വഹിച്ചു. ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷന്‍ തോമസ് മാര്‍ യൌസേബിയോസ്, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പൂര്‍വ പിതാക്കന്മാരുടെ ആശീര്‍വാദവും പ്രയത്നവും വിശ്വാസികളുടെ പ്രാര്‍ഥനയും ഇടയന്മാരുടെ ആത്മ സമര്‍പ്പണവുമാണ് ഈ മഹാഭാഗ്യത്തിലേക്ക് സഭയെ നയിച്ചതെന്ന് വിശുദ്ധ കുര്‍ബാന മധ്യേ തിരുവല്ലാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ് പറഞ്ഞു.

തുടര്‍ന്നു ബനഡിക്ട് മാര്‍ ഗിഗോറിയോസിന്റെ ജന്മശതാബ്ദി ആഘോഷവും നടന്നു. തോമസ് മോര്‍ യൌസേബിയോസ്, ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, ഡോ. രാജന്‍ കാക്കനാട്ട് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സമര്‍പ്പിത വര്‍ഷാചരണത്തിന്റെ സമാപന ആഘോഷത്തില്‍ ക്ളീമിസ് കാതോലിക്കാ ബാവ പങ്കെടുത്തു. സന്നിഹിതരായിരുന്ന എല്ലാ സമര്‍പ്പിതര്‍ക്കും സമാധാന രാജ്ഞി ഭദ്രാസനത്തിന്റെ ഉപഹാരം സമ്മാനിച്ചു. ഗ്രിഗോറിയോസിന്റെ ഒരു ഓര്‍മ പുസ്തകം തദവസരത്തില്‍ പ്രകാശനം ചെയ്തു.

ഉച്ചകഴിഞ്ഞ് 2.15 ന് സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം ഭദ്രാസനാധ്യക്ഷന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്