യുണൈറ്റഡ് ഫുട്ബോള്‍ ക്ളബ് വാര്‍ഷികാഘോഷങ്ങള്‍ക്കു വെള്ളിയാഴ്ച തുടക്കം
Tuesday, February 2, 2016 8:50 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ യുണൈറ്റഡ് ഫുട്ബോള്‍ ക്ളബ് ഏഴാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക പരിപാടികള്‍ക്ക് ഫെബ്രുവരി അഞ്ചിനു(വെള്ളി) തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിനു സാസ്ക ഓഡിറ്റോറിയത്തിലാണു പരിപാടി നടക്കുകയെന്നു ക്ളബ് സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചെക്ക് റിപ്പബ്ളിക്കന്‍ മുന്‍ ഫുട്ബോള്‍ താരവും പ്രമുഖ പ്രഫഷണല്‍ കോച്ചുമായ ഡോ. മാര്‍ട്ടിന്‍ പശോലക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അണ്ടര്‍ 16 ടീമിന്റെ ലോഞ്ചിംഗും നടക്കും. വിദ്യാഭ്യാസ, കായിക, സാമൂഹിക, സംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ യുഎഫ്സിയുടെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം യുവ കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ അബ്ദുല്‍ അലി കളത്തിങ്ങലിനു സമ്മാനിക്കും. കൂടാതെ ക്ളബിനു കഴിഞ്ഞ കാലങ്ങളില്‍ സഹകരണവും പ്രോല്‍സാഹനവും നല്‍കിയ വ്യാപാര,വാണിജ്യആതുര സേവന രംഗത്തുള്ളവരെയും അഞ്ചു വര്‍ഷം തുടര്‍ച്ചയായി ക്ളബിനു ജേഴ്സിയണിഞ്ഞ കളിക്കാരെയും ആദരിക്കും. ക്ളബ് പിന്നിട്ട നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററിയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ പരിപാടികളും വേദിയില്‍ അരങ്ങേറും.

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി ഫുട്ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചുള്ള മല്‍സരങ്ങള്‍, നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ്, ഫുട്ബോള്‍ മേള തുടങ്ങി വിവിധ പരിപാടികള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു. സൌദി ദേശീയ തലത്തിലും കിഴക്കന്‍ പ്രവിശ്യയിലും നടന്ന നിരവധി ഫുട്ബോള്‍ മേളകളില്‍ കിരീടം ചൂടാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നടക്കം പ്രമുഖ താരങ്ങള്‍ ടീമിനുവേണ്ടി ജേഴ്സിയണിഞ്ഞു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ടച്ച്ലൈന്‍, ഗോള്‍ സുവനീറുകള്‍ പ്രസിദ്ധീകരിച്ച യുഎഫ്സി ജീവകാരുണ്യ മേഖലകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ വിശദീകരിച്ചു. ക്ളബ് ചെയര്‍മാന്‍ രാജു ലുക്കാസ്, വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ റസാക്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുജീബ് കളത്തില്‍, ഭാരവാഹികളായ അഷ്റഫ് തലപ്പുഴ, നൌഷാദ് അലനല്ലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം