അഭയാര്‍ഥികളിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ജര്‍മനിയിലെ ചെറുകിട സ്ഥാപനങ്ങള്‍
Monday, February 1, 2016 10:19 AM IST
ബെര്‍ലിന്‍: പൊതുവില്‍ യൂറോപ്പിലേക്കു പ്രത്യേകിച്ച് ജര്‍മനിയിലേക്കും അഭയാര്‍ഥിപ്രവാഹം ശക്തമായി തുടരുന്ന സാഹചര്യത്തില്‍, അവരെ ഉപയോഗിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണു ജര്‍മനിയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍.

ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ ഏറെയും അഭയാര്‍ഥികളെ ജോലിക്കു വയ്ക്കാന്‍ തയാറാണെന്നും ഇതു സംബന്ധിച്ചു നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേ പ്രകാരം, തൊഴിലാളി ക്ഷാമമാണു ജര്‍മനിയിലെ ചെറുകിട - ഇടത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം. മിക്കവാറും കുടുംബങ്ങളുടെ കീഴില്‍ നടത്തിവരുന്നവയാണിവ.

രാജ്യത്താകമാനം 3,26,000 തൊഴിലാളികളുടെ കുറവാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 45.9 ബില്യന്‍ യൂറോയുടെ വരുമാന നഷ്ടവും കണക്കാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ അഭയാര്‍ഥികളിലൂടെ സാധിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം മാത്രം 11 ലക്ഷം അഭയാര്‍ഥികളില്‍ ജര്‍മനിയിലെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍