ജര്‍മന്‍ മലയാളി റെജി ചക്കുപുരയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം കൊച്ചിയില്‍ ശ്രദ്ധേയമായി
Monday, February 1, 2016 10:18 AM IST
കൊളോണ്‍/കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന ചിത്രകലാ പ്രദര്‍ശനം ശ്രദ്ധേയമായി. ജര്‍മന്‍ മലയാളിയും കലാകാരിയുമായ റെജി ചക്കുപുരയ്ക്കല്‍ വര്‍ണത്തില്‍ ചാലിച്ച വിസ്മയങ്ങളാണു പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നത്.

ജനുവരി 28നു മലയാള ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പ്രകൃതി വിസ്മയങ്ങള്‍ (മിസ്ററീസ് വേള്‍ഡ്) എന്ന ശീര്‍ഷകത്തില്‍ ഒരുക്കിയ ചിത്രകലാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

പ്രകൃതിയേയും സംഗീതത്തെയും കലയെയും ഒരുപോലെ താലോലിക്കുക മാത്രമല്ല മനസിന്റെ കാന്‍വാസില്‍ ചിറകുവിരിക്കുന്ന സപ്തവര്‍ണങ്ങളുടെ മയിലാട്ടം വിരല്‍ത്തുമ്പിലാക്കിയ റെജിയുടെ ചിത്രകലയില്‍ വിരിഞ്ഞ നാല്പതോളം ചിത്രങ്ങളാണു ഡര്‍ബാര്‍ ഹാളില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ സന്ദര്‍ശകരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതായി സംഘാടകര്‍ പറഞ്ഞു. നിരവധി സെലിബ്രിറ്റികളും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. ഒരുക്കിയ ചിത്രങ്ങളൊക്കെയും സന്ദര്‍ശകരുടെ മനം കവരുന്ന ഇനങ്ങളായിരുന്നു. ഇതാദ്യമായാണ് റെജിയുടെ അതും ഒരു ജര്‍മന്‍ മലയാളിയുടെ ചിത്രകലാ പ്രദര്‍ശനം കൊച്ചിയില്‍ നടക്കുന്നത്. നാലു ദിവസം നീണ്ടുനിന്ന പ്രദര്‍ശനം ജനുവരി 31ന് സമാപിച്ചു.

ജര്‍മന്‍ പോസ്റല്‍ വകുപ്പില്‍നിന്നു വിരമിച്ച റെജി ചെറുപ്പം മുതല്‍തന്നെ ചായക്കൂട്ടുകളുടെ തോഴിയായിരുന്നു. തുടക്കത്തില്‍ വാട്ടര്‍ കളറിലും പിന്നീട് ഓയില്‍ പെയിന്റിലും ഇപ്പോള്‍ അക്രിലിക് പെയിന്റിലുമാണ് ചിത്രങ്ങള്‍ മെനയുന്നത്.

യൂറോപ്പില്‍ അറിയപ്പെടുന്ന ഗായകനും കൊളോണ്‍ സംഗീതാ ആര്‍ട്സ് ക്ളബിന്റെ സ്ഥാപകനുമായ ജോണി ചക്കുപുരയ്ക്കല്‍ ആണു റെജിയുടെ ഭര്‍ത്താവ്. ജോണിയും മക്കളായ ബോണിയും റോണിയും റെജിക്ക് എല്ലാവിധ പിന്തുണയും പ്രോല്‍സാഹനവും നല്‍കിവരുന്നു. ഇവര്‍ കൊളോണിലും കൊച്ചിയിലുമായി താമസിക്കുന്നു.

മലയാള സിനിമയെ ഒരുകാലത്ത് ഊട്ടിയുറക്കിയ ഉദയ കുഞ്ചാക്കോ, നവോദയ അപ്പച്ചന്‍ എന്നിവരുടെ സഹോദരീപുത്രിയാണു റെജി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍