വെല്‍ഫെയര്‍ കേരള പ്രതിഷേധ സംഗമം നടത്തി
Monday, February 1, 2016 8:55 AM IST
അബാസിയ: ജാതിഭീകരതയ്ക്കും ദളിത് വേട്ടയ്ക്കുമെതിരേ വെല്‍ഫെയര്‍ കേരള കുവൈറ്റ് അബാസിയ മേഖല പ്രതിഷേധ സംഗമം നടത്തി.

വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ് സംഗമം ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അതിഭീകരമായ ജാതിചിന്തയുടെയും ഉച്ചനീചത്വത്തിന്റെയും ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരും പിന്നോക്ക ദളിത് വിഭാഗങ്ങളും നീതിക്കുവേണ്ടി കേഴുമ്പോള്‍ അവര്‍ക്കൊപ്പം നിന്നു രാജ്യത്തിനും രാജ്യത്തിന്റെ മുന്നേറ്റത്തിനുവേണ്ടി പൊരുതല്‍ ഓരോ പ്രവാസിയുടെയും ബാധ്യതയാണെന്നും വെല്‍ഫെയര്‍ കേരള കുവൈറ്റ് എന്നും അതിനു മുന്നിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബാസിയ മേഖല പ്രസിഡന്റ് മുഹമ്മദ് അഷ്കര്‍ അധ്യക്ഷത വഹിച്ചു. യുവകവി നിരഞ്ചന്‍ തമ്പുരു രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് കവിതാ രൂപത്തില്‍ ആലപിച്ചു. ഒഐസിസി പ്രതിനിധി ബിനോയ്, ഷൌക്കത്ത് വളാഞ്ചേരി, കെ.എം. അന്‍സാര്‍, സെക്രട്ടറി ഷിബു ജോണി, നവാസ് മാഹി എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റുമാരായ നസീര്‍, യാസിര്‍ കരിങ്കല്ലത്താണി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍