മാധ്യമങ്ങള്‍ രാഷ്ട്രീയ പ്രക്രിയയെ സ്വാധീനിക്കുന്ന ശക്തിയായി മാറി: ഗൌരീദാസന്‍ നായര്‍
Monday, February 1, 2016 8:54 AM IST
കുവൈത്ത് സിറ്റി: സമകാലിക ലോകത്ത് രാഷ്ട്രീയ പ്രക്രിയയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ശക്തിയായി മാധ്യമങ്ങള്‍ വളര്‍ന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി. ഗൌരീദാസന്‍ നായര്‍. കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) വാര്‍ഷിക പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത സംഘടനാ സംവിധാനങ്ങളെയും പ്രവര്‍ത്തനരീതികളെയും മാധ്യമങ്ങള്‍ അട്ടിമറിച്ച കാലം കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂസ് ചാനലുകള്‍ സജീവമായതോടെ രാഷ്ട്രീയ രംഗത്തെ ആലോചനകളുടെയും തീരുമാനങ്ങളുടെയും കാര്യത്തില്‍വരെ മാധ്യമങ്ങള്‍ സജീവമായി പങ്കാളിത്തം വഹിക്കുന്ന അവസ്ഥയാണു സംജാതമായിരിക്കുന്നത്. ഭരണത്തിലിരിക്കുന്നവരുടെ ചെയ്തികള്‍ സംബന്ധിച്ച് നീതിപീഠത്തിന്റേയും മറ്റും വിധികള്‍ വരുമ്പോള്‍ നേതൃത്വം എങ്ങനെ പ്രതികരിക്കണമെന്നുവരെ മാധ്യമങ്ങള്‍ തീരുമാനിക്കുന്ന രീതി വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. എംഎംഎഫ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഫത്താഹ് തൈയില്‍ അധ്യക്ഷത വഹിച്ചു. സുവനീര്‍ പ്രകാശനം എഡിറ്റര്‍ മുഹമ്മദ് റിയാസിനു നല്‍കി ഗൌരീദാസന്‍ നായര്‍ നിര്‍വഹിച്ചു. സ്പോണ്‍സര്‍മാരായ ശിഫ അല്‍ജസീറ, ഗ്രാന്റ് ഹൈപ്പര്‍, ബിഇസി എക്സ്ചേഞ്ച്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവരുടെ പ്രതിനിധികള്‍ക്ക് മൊമെന്റോ സമ്മാനിച്ചു. പ്രോഗ്രാം ജോ. കണ്‍വീനര്‍ ടി.വി. ഹിക്മത്ത് പരിപാടി നിയന്ത്രിച്ചു. കണ്‍വീനര്‍മാരായ മുനീര്‍ അഹ്മദ്, അന്‍വര്‍സാദത്ത് തലശേരി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍