സൌഹൃദത്തിന്റെ മനുഷ്യജാലിക തീര്‍ത്ത് ജിദ്ദ ഇസ്ലാമിക് സെന്റര്‍
Monday, February 1, 2016 8:51 AM IST
ജിദ്ദ: രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്കെഎസ്എസ്എഫ് നടത്തുന്ന മനുഷ്യജാലികയ്ക്ക് ഐക്യദാര്‍ഢ്യം
പ്രകടിപ്പിച്ച് ജിദ്ദ ഇസ്ലാമിക് സെന്ററിനു കീഴില്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഇന്ത്യയുടെ സമത്വ സൌഹൃദസന്ദേശത്തിന്റെയും ഭാവി പ്രത്യാശയുടെയും വിളംബരമായി.

രാജ്യത്തിന്റെ മഹത്തായ ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വവും എന്ത് വില കൊടുത്തും നിലനിര്‍ത്തുമെന്നും ബഹുസ്വരതയുടെ ഇന്ത്യയിലെ എല്ലാ പൌരന്മാരെയും നമ്മുടെ സഹോദരങ്ങളായി കാണുമെന്നും അതിലൂടെ രാജ്യത്തിന്റെ നല്ല ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുമെന്നും ജാലിക പ്രതിജ്ഞയെടുത്തു.

സയിദ് സഹല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്കെഐസി പ്രസിഡന്റ് മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, അഷ്റഫ് ഫൈസി മുണ്ടപ്ര, ഹാഫിസ് ജഅഫര്‍ വാഫി, സവാദ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സയിദ് ഉബൈദുല്ല തങ്ങള്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

അബ്ദുല്‍ കരീം ഫൈസി, കെ.വി.എം. ഗഫൂര്‍, രായിന്‍ കുട്ടി നീറാട്, അബ്ദുല്‍ ബാരി ഹുദവി, അബൂബക്കര്‍ ദാരിമി ആലമ്പാടി, സുബൈര്‍ ഹുദവി, മജീദ് പുകയൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍