ബാലവേദി കുവൈറ്റ് റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു
Monday, February 1, 2016 7:24 AM IST
കുവൈത്ത് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ എന്നീ മേഖലകളില്‍ റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ നിയന്ത്രിച്ച റിപ്പബ്ളിക്ക് ദിന സമ്മേളനവും വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

തറവാട് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അബ്ബാസിയ മേഖല ആഘോഷ പരിപാടികള്‍ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കുമാരി ദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാരി ഐറിന്‍ റിപ്പബ്ളിക് സന്ദേശം അവതരിപ്പിച്ചു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍, കേന്ദ്രക്കമ്മിറ്റി അംഗം നുസ്രത്ത് സക്കറിയ എന്നിവര്‍ പങ്കെടുത്ത യോഗത്തിന് കുമാരി എര്‍ലിന്‍ സ്വാഗതവും മാസ്റര്‍ അരവിന്ദ് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിച്ചു. കല കുവൈറ്റ് കേന്ദ്ര ഭാരവാഹികള്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.

മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്ന ഫഹാഹീല്‍ മേഖല ആഘോഷ പരിപാടികള്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ് ഉദ്ഘാടനം ചെയ്തു. കുമാരി നന്ദന ജയചന്ദ്രന്റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ മാസ്റര്‍ നിഖില്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. മാസ്റര്‍ പൃഥ്വിരാജ് റിപ്പബ്ളിക്ദിന സന്ദേശം അവതരിപ്പിച്ചു. ഹരീഷ് കുറുപ്പ്, അംബിക പദ്മകുമാര്‍, കെ.സി. മുഹമ്മദ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തുടര്‍പഠനത്തിനായി കേരളത്തിലേക്കു മടങ്ങുന്ന ബാലവേദിയിലെ മുതിര്‍ന്ന അംഗങ്ങളായ ഹൃദിക് ശിവദാസ്, അനഘ സിദ്ദിഖ് എന്നിവര്‍ക്കുള്ള സ്നേഹോപഹാരം കൈമാറി. കുമാരി ആസ്മിത സിദ്ദിഖ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ കുമാരി അക്ഷര സുധര്‍ശന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായി കവിതാ പാരായണ മത്സരം, കഥ പറയല്‍ മത്സരം, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം വേദിയില്‍ വെച്ചു നടന്നു. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി മജീഷ്യന്‍ സച്ചിന്‍ പലേരിയുടെ മാജിക് ഷോയും സംഘടിപ്പിച്ചു. കല കുവൈറ്റ് ഫഹാഹീല്‍ യൂണിറ്റ് അംഗം ശ്രീജിത്ത് കല ലൈബ്രറിയിലേക്ക് പതിനഞ്ചോളം പുസ്തകങ്ങള്‍ ചടങ്ങില്‍ കൈമാറുകയുണ്ടായി.

സാല്‍മിയ മേഖലയില്‍ റെഡ് ഫ്ലെയിം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന റിപ്പബ്ളിക്ക് ദിനാഘോഷ പരിപാടികള്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. കുമാരി മാളവിക ദിലീപ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ രമേശ് കണ്ണപുരം, രശ്മി സുരേഷ്, ജസ്ന എന്നിവര്‍ പങ്കെടുത്തു. കുമാരി അഫ്ര റാഫി സ്വഗതം ആശംസിച്ച ചടങ്ങില്‍ മാസ്റര്‍ അദ്വത് സജി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ക്കായി ദേശഭക്തിഗാന മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കല കുവൈറ്റ് കേന്ദ്രഭാരവാഹികള്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍