ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്ളിക് ദിന വിരുന്നു നടത്തി
Saturday, January 30, 2016 10:57 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്റെ അറുപത്തി ഏഴാമത് റിപ്പബ്ളിക് ദിനം പ്രമാണിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹോട്ടല്‍ ഇന്റര്‍കോണ്ടിനന്റില്‍ അത്താഴ വിരുന്നു നടത്തി.

ഇന്ത്യയുടെയും ജര്‍മനിയുടെയും ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ ആരംഭിച്ചു. കോണ്‍സുല്‍ ജനറല്‍ റവീഷ് കുമാര്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. വിശിഷ്ടാഥിയായിരുന്ന ഫ്രാങ്ക്ഫര്‍ട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പ്രഫസര്‍ ഡോ. മത്തിയാസ് മുള്ളര്‍, ഫ്രാങ്ക്ഫര്‍ട്ട് മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാനെ പ്രതിനിധീകരിച്ച് ഡോ. റെനാറ്റെ സ്റ്റെര്‍സല്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു അശ്വതാ രംഗനാഥന്‍ ക്ളാസിക്കല്‍ ഡാന്‍സ് അവതരിപ്പിച്ചു. ഇന്ത്യന്‍ ബിസിനസ് ഫോറത്തിന്റെ രണ്ടാം വാര്‍ഷികം കേക്ക് മുറിച്ച് കോണ്‍സുല്‍ ജനറലും വിശിഷ്ടാതിഥികളും നിര്‍വഹിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിലുള്ള മറ്റു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, വിവിധ അസോസിയേഷന്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി, എയര്‍പോര്‍ട്ട്, മെസെ പ്രതിനിധികള്‍, പ്രമുഖ വ്യവസായികള്‍, ജര്‍മനിയിലെ എയര്‍ ഇന്ത്യ, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ് ഓഫീസ് എന്നിവയിലെ സ്റാഫ് അംഗങ്ങള്‍, പത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റിപ്പബ്ളിക് ദിന വിരുന്നില്‍ പങ്കെടുത്തു. കോണ്‍സുല്‍ ജനറല്‍ റവീഷ് കുമാറും പത്നി രന്‍ജന രവീഷും മറ്റു കോണ്‍സുല്‍മാരും വിരുന്നില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍