സിക്ക വൈറസ് ബാധ; യൂറോപ്പ് ഭയാശങ്കയില്‍
Friday, January 29, 2016 10:24 AM IST
ബെര്‍ലിന്‍: ലാറ്റിനമേരിക്കയില്‍ പ്രത്യേകിച്ച് ബ്രസീലില്‍ ആശങ്ക വിതച്ച് പടര്‍ന്നുകൊണ്ടിരിക്കുന്ന സിക്ക വൈറസ് ബാധ യൂറോപ്പിലുമെത്തി. ജര്‍മനി, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് യൂറോപ്പില്‍ ആശങ്ക പരത്തുന്നു. ഇതിനിടെ, ഓസ്ട്രിയയിലും ഈ രോഗത്തിന്റെ വൈറസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡിനും ഡെന്‍മാര്‍ക്കിനും പിന്നാലെയാണു യൂറോപ്പില്‍ അഞ്ചാമത്തെ രാജ്യമായി ജര്‍മനിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മനിയില്‍ രണ്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചെങ്കിലും ഇതു പടരാന്‍ സാധ്യത വളരെ വിരളമാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനെ കൂടാതെ ജര്‍മനിയിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റിറ്റ്യൂട്ടും ഇക്കാര്യം പറയുന്നുണ്ട്.

സിക്ക സ്ഥിരീകരിച്ച രാജ്യങ്ങില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രാലയവും അഭ്യര്‍ഥിച്ചിട്ടുണ്ട്.

എല്ലായിടത്തും ലാറ്റിനമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയവരിലൂടെയാണ് വൈറസ് പടര്‍ന്നതെന്നും വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ച ഗര്‍ഭിണികള്‍ക്കു ജനിക്കുന്ന കുട്ടികളുടെ തലച്ചോറിന് വളര്‍ച്ചയെത്താതിരിക്കുന്നതാണ് ഇതിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണം. ലാറ്റിനമേരിക്ക സന്ദര്‍ശിച്ചു മടങ്ങിയ രണ്ടു സ്വിസ് പൌരന്‍മാര്‍ക്കാണ് ഇതു സ്ഥിരീകരിച്ചിരിക്കുന്നത്.

സിക്ക വൈറ ബാധ വ്യാപകമായ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്ന് സ്വിസ് പൌരന്‍മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.ഈ രോഗത്തിന് ഇനിയും ചികിത്സയോ പ്രതിരോധ മരുന്നോ വികസിപ്പിച്ചെടുത്തിട്ടില്ല.

ലാറ്റിനേരിക്കയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സിക്ക വൈറസിന് പത്തു വര്‍ഷത്തേക്കെങ്കിലും ഫലപ്രദമായ പ്രതിരോധം വികസിപ്പിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ വെളിപ്പെടുത്തി.

വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന വേഗം കാരണമാണ് ഇതിനു പ്രതിരോധ മരുന്ന് നിര്‍മിക്കുക ദുഷ്കരമാകുന്നത്. ഇതുവരെ ലോകം ഈ രോഗബാധയെ കാര്യമായെടുത്തിരുന്നില്ല എന്നതുകൊണ്ടുതന്നെ ഇതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും കാര്യമായി നടത്തിയിട്ടില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ മാത്രമാണ്.

ഏതു രോഗത്തിനും പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാന്‍ ശരാശരി പത്തു വര്‍ഷത്തിലേറെയാണ് എടുക്കാറുള്ളത്.

സിക്ക വൈറസ് മൂലം കുട്ടികളുടെ തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയാണ് (മൈക്രോസെഫാലി) ഉണ്ടാകുന്നത്. ഇതുവഴി ജനന വൈകല്യങ്ങള്‍ക്ക് കാരണമാവുക മാത്രമല്ല നാഡീവ്യൂഹത്തിനും മസിലുകളുടെ പ്രവര്‍ത്തനവും തകരാറിലാക്കുന്ന ഗിലിയന്‍ ബാര്‍ സിന്‍ഡ്രം എന്ന രോഗവും പിടിപെടും. ഈഡിസ് ഈജിപ്തി എന്നയിനം കൊതുകാണ് ഈ വൈറസ് പരത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍