ജര്‍മനിയിലെ അഭയാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു
Thursday, January 28, 2016 10:20 AM IST
ബെര്‍ലിന്‍: അഭയാര്‍ഥിപ്രശ്നത്തില്‍ സഹികെട്ടും അഭയാര്‍ഥികളെക്കൊണ്ടു പൊറുതിമുട്ടിയും ജര്‍മനി കലുഷിതമാവുമ്പോള്‍ ജര്‍മന്‍ തലസ്ഥാനത്തെ ക്യാമ്പിനു സമീപം അഭയാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറി ഇപ്പോള്‍ വിവാദമായി പുകയുകയാണ്.

ഡോക്ടറെ കാണാന്‍ പോയ ആള്‍ ക്യൂ നിന്ന് അതിശൈത്യം സഹിക്കാതെ മരിച്ചു എന്നായിരുന്നു പ്രാഥമിക വിശദീകരണം. എന്നാല്‍, ഇയാളുടെ മരണം ആദ്യമായി സ്ഥിരീകരിച്ച ഗാര്‍ഡ് ഇതേക്കുറിച്ച് ഒന്നും പറയാന്‍ തയാറാകുന്നില്ല. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ മരിച്ചയാള്‍ മദ്യപിച്ചു ലക്കുകെട്ടു കിടക്കുകയായായിരുന്നു എന്നും പറയുന്നുണ്ട്. സിറിയന്‍ പൌരനായ ഇയാള്‍ക്ക് 24 വയസുണ്ട്. ബെര്‍ലിനിലെ സാമൂഹ്യ ക്ഷേമ ഓഫീസില്‍ എത്തിയിരുന്നതായും ഇയാള്‍ വിന്റര്‍ വസ്ത്രങ്ങളല്ല ഇയാള്‍ മരണസമയത്ത് ധരിച്ചിരുന്നതെന്നും ഓഫീസ് പറയുന്നു.

മരണം റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ മുറിക്കുള്ളില്‍ അടച്ചിരിപ്പാണ്. ഒരാളോടും ഒന്നും സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല. വളരെ സജീവമായി അഭയാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഇദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍. ഇദ്ദേഹം മദ്യപിച്ചിരുന്നതായും മരിച്ചയാള്‍ ഇയാളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഇപ്പോള്‍ ആരോപണം ഉയരുന്നത് സര്‍ക്കാരിനെതന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇതിനിടെ പോലീസ് അഭയാര്‍ഥി ക്യാമ്പുകളില്‍ അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ആരോപണം ഉയരുന്നത് കാര്യങ്ങളെ കൂടുതല്‍ വഷളമാക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍