റിപ്പബ്ളിക് ദിനത്തില്‍ സഹായഹസ്തവുമായി സഹൃദയയും ലൈറ്റ് ഇന്‍ ലൈഫ് ഓര്‍ഗനൈസേഷനും
Wednesday, January 27, 2016 10:08 AM IST
മുങ്ങാമറ്റം: ഇന്ത്യയുടെ അറുപത്തിയേഴാമത് റിപ്പബ്ളിക് ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സ്വിറ്റ്സര്‍ലന്‍ഡ് ലൈറ്റ് ഇന്‍ ലൈഫും സഹൃദയ കലാവേദിയും ചേര്‍ന്ന് ആഘോഷിച്ചു.

മുങ്ങാമറ്റത്തു നടന്ന ദീപസന്ധ്യ ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സാംസണ്‍ ചാക്കോ റിപ്പബ്ളിക്ദിന സന്ദേശം നല്‍കി.

ലൈറ്റ് ഇന്‍ ലൈഫ് നിര്‍ധനരായ കുട്ടികള്‍ക്കു നല്‍കുന്ന പഠനസഹായം എല്‍പി സ്കൂള്‍ വിഭാഗത്തിന് 3000 രൂപയും യുപി വിഭാഗത്തിന് 6000 രൂപയും ഹൈസ്കൂള്‍ വിഭാഗത്തിന് 10,000 രൂപയും വീതം 15 കുട്ടികള്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷാജിയില്‍ നിന്ന് സഹൃദയ കലാവേദി പ്രസിഡന്റ് കെ.കെ. രവി ഏറ്റുവാങ്ങി. സഹായവിതരണത്തിന്റെ ഉദ്ഘാടനം ഷാജി നിര്‍വഹിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇടത്തട്ടുകാരില്ലാതെ മുഴുവന്‍ തുകയും വിതരണം ചെയ്യുന്ന ലൈറ്റ് ഇന്‍ ലൈഫിന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളെ സാംസണ്‍ ചാക്കോ പ്രശംസിച്ചു. നാളിതുവരെ ഒരു കോടി 25 ലക്ഷം രൂപയുടെ സഹായ പ്രവര്‍ത്തനങ്ങള്‍ ലൈറ്റ് ഇന്‍ ലൈഫ് ചെയ്തിട്ടുണ്ട്.