ആത്മീയത ആര്‍ഭാടമല്ല, സാമൂഹ്യപ്രതിബദ്ധതയാണ്: റവ.ഡോ. ഏബ്രഹാം സ്കറിയ
Wednesday, January 27, 2016 7:29 AM IST
ഷിക്കാഗോ: മാര്‍ത്തോമാ സഭാ പ്രതിനിധിമണ്ഡലത്തിന്റെ പഠനവിഷയമായ 'വിശ്വാസവും സാക്ഷ്യവും പൊതുസമൂഹത്തില്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെട്ട പഠന സമ്മേളനത്തില്‍, ആത്മീയ ആര്‍ഭാടമല്ല, മറിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയുമാണെന്നു പ്രശസ്ത വേദപണ്ഡിതനും പ്രഭാഷകനുമായ റവ.ഡോ. ഏബ്രഹാം സ്കറിയ ഓര്‍മ്മിപ്പിച്ചു. മാര്‍ത്തോമാ സഭാ പിതാക്കന്മാര്‍ ഈ ദര്‍ശനത്തെ മുഖമുദ്രയാക്കി സമൂഹത്തോടുള്ള സ്നേഹവും കടപ്പാടുമാണു യഥാര്‍ത്ഥ ആത്മീയതയെന്നു കാട്ടിക്കൊടുക്കുകയും ചെയ്തവരാണ്. .യൂഹാനോന്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ഭൂഭവനദാന പദ്ധതിയുടെ പാത പിന്തുടര്‍ന്നാണു കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ആദ്യമായി സര്‍ക്കാര്‍തലത്തില്‍ ഭവനരഹിതര്‍ക്ക് ഭവനം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയതും നടപ്പാക്കിയതും.

ആധുനിക ആത്മീയതയുടെ കഷ്ടതകള്‍ക്കുമുന്നില്‍ സമൂഹം കബളിപ്പിക്കപ്പെടുകയും അതിലൂടെ അനേകര്‍ കോടീശ്വരന്മാരായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ആത്മീയത ആര്‍ഭാടമല്ല എന്നതിനു പ്രസക്തിയേറുകയാണ്. സകല സദാചാരവും നഷ്ടമായി അക്രമണത്തിലേക്കും അനീതിയിലേക്കും ആളുകള്‍ അതിവേഗം ഒലിച്ചുപോകുന്ന ഒരു ഭയാനകമായ മനുഷ്യാവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. സ്നേഹവും കരുണയും ഭയവും മനുഷ്യ മനസ്സില്‍ നിന്നും വലിച്ചെറിയപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ തന്നിലേക്കു തന്നെ ഒതുങ്ങുന്നു. അയല്‍ക്കാരനെ അന്യനായി കാണാതെ, സഹജീവികളോടു സ്നേഹവും കരുണയും കാട്ടുന്ന യഥാര്‍ത്ഥ ആത്മീയതയുടെ വക്തക്കളാകുവാന്‍ റവ. ഏബ്രഹാം സ്കറിയ ആഹ്വാനം ചെയ്തു.

റവ. ബൈജു മാര്‍ക്കോസ്, റവ. ഇമ്മാനുവേല്‍ ജോഷ്വാ എന്നിവര്‍ നയിച്ച പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലം അംഗം ഐപ്പ് വര്‍ഗീസ് പരിമണം സ്വാഗതവും ഏബ്രഹാം ഫിലിപ്പ് നന്ദിയും പറഞ്ഞു. ഷിജി അലക്സ് അവതാരകയായി പരിപാടികള്‍ നിയന്ത്രിച്ചു. പഠന സമ്മേളനത്തില്‍ ചോദ്യോത്തരവേളയ്ക്കു ബെന്നി പരിമണം, യോഹന്നാന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല