സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരം
Wednesday, January 27, 2016 7:28 AM IST
ഷിക്കാഗോ: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഏറെ ഭക്തിയോടും വിശ്വാസത്തോടുംകൂടി ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ആചരിച്ചു. കത്തീഡ്രല്‍ മുന്‍ വികാരിയും എംഎസ്ടി സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ ഫാ. ആന്റണി തുണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതികഠിനമായ ക്രിസ്തീയ പീഡനകാലത്ത് വിശ്വാസപരീക്ഷണങ്ങളിലൂടെ കടന്നുപോയി ജീവിതസാക്ഷ്യം നല്‍കിയ വിശുദ്ധന്റെ ജീവിതസാക്ഷ്യം ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്ന് അച്ചന്‍ പറഞ്ഞു. കത്തീഡ്രല്‍ സഹ വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയും, ഫാ. സ്റീഫന്‍ കണിപ്പള്ളിയും സഹകാര്‍മികരായി.

വി കുര്‍ബാനയ്ക്കുശേഷം ഫാ. സ്റീഫന്‍ കണിപ്പള്ളി തിരുനാള്‍ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുസ്വരൂപവും അമ്പുകളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കഴുന്ന് നേര്‍ച്ച എന്നിവ തനി കേരളീയ തനിമയില്‍ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്നു. വിശ്വാസികള്‍ക്ക് കഴുന്ന് വീടുകളിലേക്കു കൊണ്ടുപോയി പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

അതിരമ്പുഴ നിവാസികള്‍ ഏറ്റെടുത്ത് നടത്തിയ തിരുനാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും ഏവര്‍ക്കുമായി ഒരുക്കിയിരുന്നു. തിരുനാള്‍ മോടിയാക്കുവാന്‍ ലിറ്റര്‍ജി, ഗായകസംഘം, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണം കാരണമായി. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം