വിക്കിപീഡിയ പിറന്നാള്‍ ആഘോഷിച്ചു
Monday, January 25, 2016 9:23 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ വിവിധ വിവരശേഖരണത്തിനായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളില്‍ ഒന്നായ വിക്കിപീഡിയ 15-ാം പിറന്നാള്‍ ആഘോഷിച്ചു.

സംശയങ്ങള്‍ക്കും സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കി ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന പദവിയിലേക്ക് വിക്കിപീഡിയ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നു. 2001 ജനുവരി 15 ന് ആരംഭിച്ച് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വെബ്സൈറ്റും സര്‍വവിജ്ഞാനകോശവും ആണ് വിക്കിപീഡിയ. വിക്കിപീഡിയയുടെ ഉള്ളടക്കം സ്വതന്ത്രവും ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമാണ്.

വിക്കിപീഡിയ സമൂഹം കേരളത്തിലും പിറന്നാളാഘോഷം നടത്തി. പിറന്നാളാഘോഷ സമ്മേളനത്തില്‍ വിവിധ വിക്കിപീഡിയ സംരംഭങ്ങളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയും വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള പരിശീലനവും നല്‍കി.

നൂപീടിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ അനുബന്ധ സംവിധാനമായാണു വിക്കിപീഡിയ ആരംഭിച്ചത്. നൂപീടിയക്ക് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷേ ലേഖനങ്ങള്‍ എഴുതിയിരുന്നത് വളരെ സവധാനം ആയിരുന്നു. 2000 ല്‍ നൂപീടിയയുടെ സ്ഥാപകന്‍ ആയിരുന്ന ജിമ്മി വെയില്‍സും അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാന്‍ഗറും നൂപീടിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെകുറിച്ച് ഏറെ ആലോചിച്ചിരുന്നു.

2001 ജനുവരിയില്‍ ഒരു അത്താഴവിരുന്നില്‍ കലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോവില്‍ നിന്നും എത്തിയ ബെന്‍ കോവിറ്റ്സ് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ വേര്‍ഡ് കണ്ണിംഗ്ഗാം എന്നയാളുടെ 'വിക്കി' എന്ന സങ്കല്‍പ്പത്തെ കുറിച്ച് സാന്‍ഗറോടു പറയുകയും വിക്കി എന്ന സങ്കല്‍പ്പത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സാന്‍ഗര്‍ക്ക് വിക്കി എന്ന ആശയം ബോധിക്കുകയും വെയില്‍സിനെ അതു പറഞ്ഞു മനസിലാക്കുകയും ചെയ്തു. അങ്ങനെ ജനുവരിയില്‍ നൂപീടിയയുടെ ആദ്യ വിക്കി പുറത്തിറങ്ങി.

നൂപീടിയയുടെ ലേഖകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ഉണ്ടായ എതിര്‍പ്പുമൂലം ജനുവരി 15 ന് വിക്കിപീഡിയ സ്വന്തം ഡൊമൈന്‍ വിക്കിപീഡിയ.കോമില്‍ പുറത്തിറങ്ങി. 2001 മേയില്‍ ഇംഗ്ളീഷ് ഇതര വിക്കിപീഡിയകള്‍ ആദ്യമായി പുറത്തിറങ്ങി. 2002 ഡിസംബര്‍ 21 ന് ആണ് മലയാളം വിക്കിപീഡിയ പിറന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍