സൌദിയില്‍ ഔട്ട് സോഴ്സ് പദ്ദതിക്കു തുടക്കംകുറിച്ച് തൊഴില്‍ മന്ത്രാലയം
Monday, January 25, 2016 9:15 AM IST
ദമാം: തൊഴില്‍ മന്ത്രാലയവും സൌദി മാനവ വിഭവ ഡവലപ്മെന്റ് ഫണ്ടും ചേര്‍ന്ന് സ്വദേശി വനിതകള്‍ക്കും യുവാക്കള്‍ക്കും ഏറെ ഗുണകരമാവുന്ന ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.

പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ഓഫീസുകളും മറ്റു ഉപകരങ്ങളും ഒരുക്കേണ്ട ചെലവ് ഗണ്യമായി കുറയും. മാത്രമല്ല ജീവനക്കാര്‍ക്കു ഓഫീസില്‍ പോകാതെ സ്വന്തം വീട്ടില്‍ത്തന്നെ ജോലികള്‍ ചെയ്യാവുന്നതാണ്.

സൌദിയുടെ എല്ലാ മേഖലയിലും ഔട്ട്സോഴ്സ് ജോലികള്‍ക്കു അവസരമുണ്ടാകും. മറ്റു ജോലികളെപോലെതന്നെ ഇതിനു വ്യക്തമായ തൊഴില്‍ കരാറും ഉണ്ടായിരിക്കും. കരാറില്‍ തൊഴിലിന്റെ രീതി, വേതനം, ജോലി സമയം എന്നിവ വ്യക്തമാക്കിയിരിക്കണം. കൂടാതെ ജീവനക്കാരുടെ വിവരങ്ങള്‍ സാമൂഹ്യ ഇന്‍ഷ്വറന്‍സില്‍ രജിസ്റര്‍ ചെയ്തിരിക്കുകയും വേണം. രജിസ്ററില്‍ ജോലി മുഴുവന്‍ സമയമാണോ ഭാഗികമാണോ എന്നു വ്യക്തമാക്കിയിരിക്കണം.

ഔട്ട് സോഴ്സ് ജോലികള്‍ക്കു അന്താരാഷ്ട്ര തൊഴില്‍സമിതിയും മുന്തിയ പരിഗണനയാണു നല്‍കുന്നതെന്നു മന്ത്രാലയ വക്താവ് പറഞ്ഞു.

അതേസമയം ഔട്ട്സോഴ്സ് ജോലികളും നിതാഖാത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഈ ജോലികളില്‍ വിദേശികളെ നിയമിക്കാന്‍ പാടില്ലന്നും വ്യവസ്ഥയുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം