ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ 2016 ലെ സത്കര്‍മ്മ അവാര്‍ഡ് തെരുവോരം മുരുകന്
Monday, January 25, 2016 7:31 AM IST
ന്യൂയോര്‍ക്ക്: പൊതുരംഗത്തെ അനുകരണീയവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ വഴി നന്മയുടെ വഴിവിളക്കുകളായി സമൂഹത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കര്‍മ്മോജ്വലരെ ആദരിക്കുന്ന ഐഎപിസിയുടെ 'സത്കര്‍മ്മ അവാര്‍ഡിന്' ഈ വര്‍ഷം തെരുവോരം മുരുകനെ തെരഞ്ഞെടുത്തു.

ഐഎപിസി നാഷണല്‍ കമ്മിറ്റിയുടെ ഈ പ്രഖ്യാപനം ഫെബ്രുവരി ആറിനു പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്ന ന്യൂയോര്‍ക്ക് സമ്മേളനത്തിലുണ്ടാകും.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുരുകന്‍ അനാഥരാക്കപ്പെട്ട തെരുവുകുട്ടികള്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും ഒരത്താണിയാണ്. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തന്റെ ബാല്യത്തിന്റെ കയ്പും കമര്‍പ്പും അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനായ് 'തെരുവോരം' എന്ന പേരില്‍ ഒരു ശരണാലയത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിക്കുകയാണ് 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്‍.

ഇതിനോടകം തന്നെ മുരുകന്‍ 5000 പേരെ രക്ഷപെടുത്തിക്കഴിഞ്ഞു. രണ്ടായിരത്തില്‍ കൂടുതല്‍ തെരുവുകുട്ടികളെ രക്ഷപെടുത്തിയ കണക്ക് സര്‍ക്കാര്‍ രേഖയാണ്.

റിപ്പോര്‍ട്ട്: സിറിയക്ക് സ്കറിയ