അബുദാബിയില്‍ കുട്ടികളുടെ മഹാസംഗമം 29ന്
Saturday, January 23, 2016 11:07 AM IST
അബുദാബി: മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ സമാജത്തിന്റെ യുഎഇ മേഖല രജതജൂബിലിയോടനുബന്ധിച്ചു ഒരുക്കുന്ന കുട്ടികളുടെ മഹാസംഗമത്തിനു അബുദാബിയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

29 ന് രാവിലെ 7.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സംഗമത്തിനു തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസമ്മേളനം ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് ഉദ്ഘാടനം ചെയ്യും. ദുബായി ഇന്ത്യന്‍ കോണ്‍സുല്‍ വി.പി.മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.25 വര്‍ഷമായി അധ്യാപന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ ആറായിരത്തോളം കുട്ടികളും അഞ്ഞൂറോളം അധ്യാപകരും പങ്കെടുക്കും.

1990 ല്‍ ആരംഭിച്ച യുഎഇ മേഖല പ്രവര്‍ത്തങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 25 നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസൌകര്യം ഒരുക്കിക്കൊടുക്കാന്‍ തീരുമാനിച്ചതായി മേഖല പ്രസിഡന്റ് റവ. പ്രകാശ് എബ്രഹാം അറിയിച്ചു. സുവനീര്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് അധ്യാപകരുടെ ശില്പശാല 30 ന് ദുബായില്‍ സംഘടിപ്പിക്കും. 'കൃപയുടെ നിഴലില്‍' എന്നതാണ് രജതജൂബിലിയുടെ സന്ദേശവാക്യം. യുഎഇ യില്‍ ഏഴു സണ്‍ഡേ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മേഖല സെക്രട്ടറി കോശി മത്തായി, ജനറല്‍ കണ്‍വീനര്‍ ഡോ. ഷിബു വര്‍ഗീസ്, കണ്‍വീനറന്മാരായ മാത്യു ഏബ്രഹാം, ഏബ്രഹാം തോമസ്, സജി തോമസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള