മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ
Saturday, January 23, 2016 8:51 AM IST
വെതര്‍ ഫോര്‍ഡ് (ടെക്സസ്): മദ്യപിച്ചു വാഹനം ഓടിച്ച കുറ്റത്തിന് പത്താം തവണ പിടിക്കപ്പെട്ടപ്പോള്‍ കോടതി നല്‍കിയത് ജീവപര്യന്തം തടവു ശിക്ഷ.

ജനുവരി 20 ന് ഡിസ്ട്രിക്ട് ജഡ്ജി ക്രേഗ് ടോസനാണ് പ്രതി ഐവി റെ ഏബര്‍ ഹാര്‍ഡിനെ (66) ജീവിതകാലം മുഴുവന്‍ തുറുങ്കലിലടയ്ക്കാന്‍ ഉത്തരവിട്ടത്.

12 തവണ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ പിടിക്കപ്പെട്ടിട്ടുണ്െടങ്കിലും പത്തെണ്ണത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും റോഡിലൂടെ വാഹനം ഓടിക്കുന്നതിന് പ്രതിയെ അനുവദിച്ചാല്‍ ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്െടന്നും കോടതി വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. പാര്‍ക്കര്‍ കൌണ്ടിയിലെ പൌരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എന്റേതു കൂടിയാണ്. ശിക്ഷ വിധിക്കുന്നതിനു മുമ്പ് ജഡ്ജി പ്രതിയോട് പറഞ്ഞു.

മദ്യപിച്ചു വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടേയും ഗുരുതര പരുക്കേല്‍ക്കുന്നവരുടേയും സംഖ്യ ക്രമാതീതമായി വര്‍ധിച്ചു വരുന്നതായാണ് ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെഫ്റ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

പാര്‍ക്കര്‍ കൌണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ നിന്നാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍