മികച്ച രാജ്യമായി ജര്‍മനി
Friday, January 22, 2016 9:12 AM IST
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടത്തിയ അഭിപ്രായ സര്‍വേയിയിലാണ് ജര്‍മനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം കാനഡയ്ക്കാണ്.

ഫണ്‍, സെക്സി എന്നീ ഘടകങ്ങളില്‍ ഏറെ പിന്നിലായെങ്കിലും ആകെയുള്ള കണക്കെടുപ്പില്‍ മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കാന്‍ ജര്‍മനിക്കു സാധിച്ചിരിക്കുന്നു. വ്യവസായ സംരംഭകര്‍ക്കു നല്‍കുന്ന പ്രോത്സാഹനം, ആഗോള നേതൃപരമായ കാര്യങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്വാധീനം, ഉയര്‍ന്ന ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങളിലാണ് ജര്‍മനി ഏറെ മുന്നിലെത്തിയിരിക്കുന്നത്.

വിവിധ ലോകരാജ്യങ്ങളിലായി പതിനാറായിരം പേര്‍ക്കിടയിലായിരുന്നു സര്‍വേ. ആകെ അറുപതു രാജ്യങ്ങള്‍ വിലയിരുത്തപ്പെട്ടപ്പോള്‍ യുകെ, യുഎസ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്. അള്‍ജീരിയ അവസാനക്കാരായി. യുക്രെയ്ന്‍, ഇറാന്‍ എന്നിവയും പട്ടികയില്‍ അവസാന സ്ഥാനത്താണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍