ഡൊണാള്‍ഡ് ട്രംപ് -ടെഡ് ക്രൂസ് വാക് പോര് മറുകുന്നു
Friday, January 22, 2016 9:06 AM IST
മൈര്‍ടില്‍ ബീച്ച്: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും തമ്മിലുള്ള വാക്പോര് മുറുകുന്നു.

സൌത്ത് കരോളിനയിലെ മൈര്‍ടില്‍ ബീച്ചില്‍ ടീ പാര്‍ട്ടിക്കാരെ അഭിസംബോധന ചെയ്ത ഡൊണാള്‍ഡ്, ടെഡിനെ രൂക്ഷമായാണു വിമര്‍ശിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച കൈയടിയോ പ്രോത്സാഹനത്തിന്റെ കൂക്കുവിളിയോ ലഭിക്കുന്നതിനുപകരം പ്രതിഷേധത്തിന്റെ കൂക്കുവിളിയാണു ലഭിച്ചത്.

അയോവയിലെ കോക്കസുകളും തുടര്‍ന്ന് സൌത്ത് കരോളിനയിലെ പ്രൈമറിയും മുന്നില്‍കണ്ടാണ് രണ്ടു സ്ഥാനാര്‍ഥികളും പ്രചാരണം നടത്തുന്നത്.

ട്വിറ്ററില്‍ ടെഡ് ഒരു കപടനാട്യക്കാരനാണെന്നാണു ഡൊണാള്‍ഡിന്റെ ആരോപണം. സ്വര്‍വര്‍ഗ വിവാഹത്തിനുവേണ്ടി വാദിക്കുന്നവരില്‍നിന്നു സംഭാവന സ്വീകരിച്ചു, കാല്‍ഗരിയില്‍ ജനിച്ച എന്റെ എതിരാളിക്ക് താനൊരു കാനഡക്കാരനാണെന്നറിയില്ല എന്നത് അവിശ്വസനീയമാണ്, ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിടുന്നതുവരെ പ്രചാരണത്തിനു ലഭിച്ച കടങ്ങള്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനു റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയതാണ് എന്ന വിശദീകരണവും സ്വീകാര്യമല്ല, കടമെല്ലാം കൂടി ഒരു മില്യന്‍ ഡോളറോളം വരും. കൂടുതലും ലഭിച്ചത് ഗോള്‍ഡ്മാന്‍ സാക്സില്‍നിന്നാണ്, ആ കമ്പനിയില്‍ അയാളുടെ ഭാര്യ ജോലി ചെയ്യുന്നു, ഉടമ അവര്‍ ആവശ്യപ്പെടുന്നതെന്തും അയാള്‍ക്ക് ചെയ്തു കൊടുക്കും തുടങ്ങിയ ആരോപണങ്ങള്‍ ഡൊണാള്‍ഡ് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ ഡൊണാള്‍ഡിന് 57 ലക്ഷം സുഹൃത്തുക്കള്‍ ഉണ്െടന്നാണ് കണക്ക്, ടെഡിന് ഏഴു ലക്ഷം പേരും.

മൈര്‍ടില്‍ ബീച്ചില്‍ രണ്ടു മണിക്കൂര്‍ മുമ്പെത്തിയ ടെഡ് ഡൊണാള്‍ഡിനെ പേരേടുത്തു പറയാതെ വിമര്‍ശിച്ചു. തങ്ങള്‍ നടത്തുന്ന പ്രചാരണ കോലാഹലങ്ങളും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ഒരു സ്ഥാനാര്‍ഥി ആയി പറയുന്ന കാര്യങ്ങള്‍ക്ക് അയാളുടെ ചരിത്രവുമായി ബന്ധമില്ല. തന്റെ ബഡില്‍നിന്ന് ചാടി എണീറ്റ് ഭ്രാന്തമായ ആവേശത്തോടെ ചെയ്യുന്ന ഓരാളെ അല്ല നമുക്ക് കമാന്‍ഡര്‍ ഇന്‍ ചീഫായി വേണ്ടത്, മറിച്ച് ശാന്തമായും സമാധാനപരമായും സ്ഥിരതയോടെയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു കമാന്‍ഡറെയാണ് ആവശ്യം ടെഡ് പറഞ്ഞു.

ടെഡ് കാനഡയില്‍ ജനിച്ചതിനാല്‍ ഭരണഘടന ആവശ്യപ്പെടുന്ന പ്രകാരം നാച്വറല്‍ ബോണ്‍ സിറ്റിസണ്‍ അല്ലെന്ന് ഡൊണാള്‍ഡ് വാദിക്കുന്നു. ബോണ്‍ ഇന്‍ ദ യുഎസ്എ ഗാനം ടെഡിനെ കളിയാക്കാന്‍ ഡൊണാള്‍ഡിന്റെ പ്രചാരണ യോഗങ്ങളില്‍ റിക്കാര്‍ഡ് ചെയ്യുന്നു. ന്യൂയോര്‍ക്ക് മൂല്യങ്ങളാണു ഡൊണാള്‍ഡിന്റേതെന്ന് ആരോപിച്ച് ടെഡിന്റെ യോഗങ്ങളില്‍ ഫ്രങ്ക്സിനാത്ര ഗാനം 'ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്' പല തവണ ആവര്‍ത്തിച്ചു. പിന്നീട് ടെഡ് ന്യൂയോര്‍ക്കുകാരോട് മാപ്പു പറഞ്ഞു.

എന്തായാലും ഇരുവരും തമ്മിലുള്ള വൈര്യത്തിന് ആഴ്ചകളോളം പഴക്കമുണ്ട്.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്