ഇസ്ലാം ഓണ്‍ വെബ് സ്പെഷല്‍ പ്രവര്‍ത്തനമാരംഭിച്ചു
Friday, January 22, 2016 9:04 AM IST
മനാമ: സമസ്തയുടെ സമ്പൂര്‍ണ ചരിത്ര വിവരണവുമായി മലയാളത്തിലെ സമഗ്ര ഇസ്ലാമിക് പോര്‍ട്ടലായ ഇസ്ലാം ഓണ്‍ വെബിന്റെ സ്പെഷല്‍ പേജ് ഓണ്‍ലൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഫെബ്രുവരി 11 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന സമസ്തയുടെ 90-മാത് വാര്‍ഷികത്തോടനുബന്ധിച്ചാണ് ലോകത്തെവിടെനിന്നു മലയാളികള്‍ക്കെല്ലാം സമസ്തയെ കുറിച്ച് വിശദമായി മനസിലാക്കാനാവുന്ന വിധം സമസ്തയുടെ സമ്പൂര്‍ണ ചരിത്രം ഓണ്‍ലൈനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേരള മുസ്ലിംകളെക്കുറിച്ചും 1926 ല്‍ സമസ്ത രൂപീകരണത്തിനുശേഷമുള്ള അവരുടെ മതവിദ്യാഭ്യാസസാംസ്കാരിക മുന്നേറ്റങ്ങളെകുറിച്ചും ആഴത്തില്‍ വിവരിക്കുന്ന ഈ വെബ് സൈറ്റും പേജും ഗവേഷണ വിദ്യാര്‍ഥികള്‍ക്കെന്നപോലെ ചരിത്രകാരന്മാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകരിക്കും.

സമസ്തയുടെ വിശദമായ ചരിത്ര വിവരണത്തിനു പുറമെ, കര്‍മ പഥം, നവോഥാനം, നായകര്‍, സമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, സംവാദങ്ങള്‍, പ്രമേയങ്ങള്‍, പണ്ഡിതന്മാര്‍, സാദാത്തുക്കള്‍, സ്വൂഫികള്‍, മുശാവറ, പോഷക സംഘടനകള്‍ തുടങ്ങി സമസ്തയുടെ വിവിധ തലങ്ങളും ഈ പ്രത്യേക പേജില്‍ വിശദീകരിച്ചിട്ടുണ്ട്.

പാണക്കാടു നടന്ന ചടങ്ങില്‍ ലോഞ്ചിംഗ് കര്‍മം പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സി.എസ്.ഇ ഡയറക്ടര്‍ ടി. അബൂബക്കര്‍ ഹുദവി, റഫീഖ് ഹുദവി, മോയിന്‍ മലയമ്മ, അബ്ദുല്‍ ഹഖ് മുളയങ്കാവ്, ലത്തീഫ് ഹുദവി മോളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.