ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 21 മരണം
Friday, January 22, 2016 7:54 AM IST
ഏഥന്‍സ്: ഈജിയന്‍ കടലില്‍ രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി ആറു കുട്ടികളുള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുപോകുകയായിരുന്ന ബോട്ടുകളാണ് മുങ്ങിയത്. വെള്ളിയാഴ്ച ഫാര്‍മകോനിസി, കാലിമനോസ് ദ്വീപുകള്‍ക്കു സമീപമായിരുന്നു അപകടം.

ആദ്യ അപകടം കാലിമനോസ് ദ്വീപിനടുത്തായിരുന്നു. ഈ അപകടത്തില്‍ 26 പേരെ ഗ്രീസ് തീരസംരക്ഷണ സേന രക്ഷപെടുത്തി. 14 പേരുടെ മൃതദേഹം കണ്ടെടുത്തു. ബോട്ടില്‍ അമ്പതിനും നൂറിനും ഇടയില്‍ യാത്രക്കാരുണ്ടായിരുന്നതായി രക്ഷപെട്ടവര്‍ പറഞ്ഞു.

രണ്ടാം അപകടം ഫാര്‍മകോനിസി ദ്വീപിനു സമീപമായിരുന്നു. തീരസംരക്ഷണ സേന ആറു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെടുത്തു. 40 യാത്രക്കാരെ രക്ഷപ്പെടുത്തി.