വേണു ഗോവിന്ദ രാജു ബഫല്ലോ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ്
Thursday, January 21, 2016 9:33 AM IST
ന്യൂയോര്‍ക്ക്: ബഫല്ലോ യൂണിവേഴ്സിറ്റി റിസര്‍ച്ച് ആന്‍ഡ് ഇക്കണോമിക്സ് ഡെവലപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ധന്‍ വേണു ഗോവിന്ദ രാജുവിനെ നിയമിച്ചു.

യൂണിവേഴ്സിറ്റി പ്രസിഡന്റ് സതീഷ് കെ. ത്രിപതി, പ്രൊവൊസ്റ് ചാള്‍സ് സുക്കോസ്കി എന്നിവരാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരും.

അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ വേണു വൈസ് പ്രസിഡന്റിന്റെ താല്കാലിക ചുമതല വഹിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ടെക്നോളജി (ഖരഗ്പൂര്‍) യില്‍നിന്നു ബിരുദമെടുത്ത വേണു ബഫല്ലോ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. വിജയവാഡയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ വേണു രണ്ടായിരാമാണ്ടിലാണ് അമേരിക്കന്‍ പൌരത്വം നേടിയത്.

കംപ്യൂട്ടിംഗ് മെഷീനറി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, പാറ്റേണ്‍ റെക്കഗനീഷ്യന്‍ തുടങ്ങിയ നിരവധി അസോസിയേഷനുകളില്‍ അംഗത്വം നേടിയിട്ടുണ്ട്. യൂണിഫൈഡ് ബയോമെട്രിക്ക്സ് ആന്‍ഡ് സെന്‍സേഴ്സ് യൂണിവേഴ്സിറ്റീസ് സെന്റര്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബഫല്ലോ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനത്തു നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് വേണു ഗോവിന്ദ രാജു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍